കൊച്ചി ഡിസൈൻ വീക്ക്

Saturday 17 December 2022 12:07 AM IST

കൊച്ചി: സ്‌കൂൾതലം മുതൽ ഡിസൈൻ രംഗത്തെ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കൊച്ചി ഡിസൈൻ വീക്ക് ആവശ്യപ്പെട്ടു. ഇതിനായി സൗന്ദര്യശാസ്ത്രപരമായ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി സിലബസ് തയ്യാറാക്കണമെന്നും കൊച്ചി ഡിസൈൻ വീക്കിന്റെ ഭാഗമായി നടന്ന ചർച്ചയിൽ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. 'ഡിസൈൻ, കേരളത്തിന്റെ അവസരങ്ങൾ' എന്ന വിഷയത്തിലെ ചർച്ചയിലാണ് വിദഗ്ദ്ധർ സംസാരിച്ചത്.

കലാശേഷി വികസനത്തിന് കൗമാരക്കാരായ കുട്ടികൾക്ക് സ്‌കൂളുകളിലെത്തി പരിശീലനം നൽകാൻ ബിനാലെ ഫൗണ്ടേഷൻ ശ്രമിക്കുന്നുണ്ടെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഡിസൈൻ എന്നത് സാമൂഹിക പ്രസക്തിയുള്ളതായിരിക്കണമെന്ന് ആർക്കിടെക്ട് ടോണി ജോസഫ് പറഞ്ഞു. എല്ലായ്‌പ്പോഴും പ്രകൃതിയുമായി ചേർന്നു നിൽക്കുന്നതാകണം ഡിസൈൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാവരിലും ഒരു ഡിസൈനർ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യൻ ഇന്റീരിയർ ഡിസൈനേഴ്‌സ് ദേശീയ പ്രസിഡന്റ് ജബീൻ സക്കറിയാസ് പറഞ്ഞു. ഐ.എക്‌സ്.ഡി.എ. ഗ്ലോബൽ മുൻ പ്രസിഡന്റ് അലോക് മോഡറേറ്ററായി.