ഊർജ്ജകിരൺ പരിപാടി സംഘടിപ്പിച്ചു

Saturday 17 December 2022 1:21 AM IST

പാലക്കാട്: ഊർജ്ജ സംരക്ഷണ വാരാഘോഷത്തോടനുബന്ധിച്ച് എനർജി മാനേജ്‌മെന്റ് സെന്ററും സിൽകോ സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന ഊർജ്ജകിരണിന്റെ ഉദ്ഘാടനം കാഴ്ചപറമ്പ് ക്ഷീര സംഘത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ നിർവഹിച്ചു. ഊർജ്ജകിരണിന്റെ ഭാഗമായി സെമിനാർ, ശിൽപശാല, ഊർജ്ജസംരക്ഷണ റാലി, പ്രതിജ്ഞ, ഒപ്പ് ശേഖരണം, താലൂക്ക് തല ഹ്രസ്വ വീഡിയോ നിർമ്മാണം, നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ജീവിതശൈലി ഊർജ്ജകാര്യ ശേഷി എന്ന വിഷയത്തിൽ ഗ്രാഫിക് വാൾ, പെയിന്റിംഗ്, ഹോൾഡറുകൾ, കട്ട് ഔട്ടുകൾ തുടങ്ങിയവ സ്ഥാപിക്കൽ, വൈദ്യുതി വാഹന ഉടമകളുടെ ജില്ലാതല സംഗമം തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് നടന്ന റാലി കണ്ണാടി ഗ്രാമപഞ്ചായത്ത് അംഗം എ. രമേഷ് ഫ്ളാഗ് ഓഫ് ചെയ്തു. സിൽക്കോ പ്രസിഡന്റ് ആർ.സേതുമാധവൻ അദ്ധ്യക്ഷനായി. 'ജീവിതശൈലിയും ഊർജ്ജ സംരക്ഷണവും' വിഷയത്തിൽ ഇ.എം.സി കേരള റിസോഴ്സ് പേഴ്സൺ എ.നിയാസ് ക്ലാസെടുത്തു. കണ്ണാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.നാരായണൻ, പി.സുശീല, കെ.എസ്.ഇ.ബി എൻജിനീയർ എ.ഷറഫുദ്ദീൻ, സിൽക്കോ ഡയറക്ടർ കെ. മാലി, അനർട്ട് ജില്ലാ ഓഫീസർ പി.പി പ്രഭ, എം. മോഹനൻ, ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.