മധു വധക്കേസ്: പരിക്കേൽപ്പിച്ചതിന്റെ ദൃശ്യങ്ങൾ കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ

Saturday 17 December 2022 12:33 AM IST

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസ് സംഭവത്തിൽ മധുവിനെ പ്രതികൾ പരിക്കേൽപ്പിക്കുന്നതിന്റെ വീഡിയോദ്യശ്യങ്ങളോ ചിത്രങ്ങളോ അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി ടി.കെ.സുബ്രഹ്മണ്യൻ. കേസിലെ രണ്ട്, അഞ്ച് പ്രതികളുടെ അഭിഭാഷകനായ ബാബു കാർത്തികേയന്റെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം കോടതിയിലറിയിച്ചത്.

മധുവിന്റെ പരിക്കുകളൊന്നും പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. പ്രഥമ പരിശോധനാ മൊഴിയിലും മറ്റുരേഖകളിലും മധുവിന്റെ പരിക്കുകൾ രേഖപ്പെടുത്തിയതായി കാണുന്നില്ല. കോടതിയിൽ കാണിച്ച ചിത്രങ്ങളിൽ മധു ചിരിച്ചുകൊണ്ടാണല്ലോ നിൽക്കുന്നതെന്ന പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് പേടിച്ചുനിൽക്കുന്നതുപോലെയാണ് തനിക്ക് തോന്നുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകി.

മധുവിന്റെ മരണത്തിൽ പൊലീസിന് ബന്ധമുണ്ടോയെന്ന് തെളിയിക്കുന്നതിനുള്ള ശാസ്ത്രീയ പരിശോധകൾ നടത്തേണ്ട ആവശ്യമുള്ളതായി തോന്നിയില്ലെന്നും ടി.കെ.സുബ്രഹ്മണ്യൻ പറഞ്ഞു. മധുവിന്റെ മൃദേഹം മോർച്ചറിയിൽ വെച്ചശേഷം താക്കോൽ വാങ്ങിയത് വൈകീട്ട് 5.20നാണെന്ന് അദ്ദേഹം പറഞ്ഞു. തുടർച്ചയായ ഒമ്പതാം ദിവസമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം നടക്കുന്നത്.