ഉപഗ്രഹ സർവ്വേ ഉപദ്രവമെന്ന് കർഷകർ

Saturday 17 December 2022 12:38 AM IST

പാലക്കാട്: പരിസ്ഥിതി ലോല മേഖല നിർണയവുമായി ബന്ധപ്പെട്ട് സംസ്ഥാന റിമോട്ട് സെൻസിംഗിന്റെ സഹായത്തോടെ പരിസ്ഥിതി വകുപ്പ് നടത്തിയ ആകാശ സർവ്വേ ഫലം കർഷകരുടെ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്. ജനങ്ങളുടെ പരിശോധനയ്ക്കായി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത സർവ്വേ സ്കെച്ചുകളിൽ നിന്ന് തങ്ങളുടെ വീടും കൃഷിസ്ഥലങ്ങളും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ കഴിയും വിധമല്ല റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു. വില്ലേജ് അടിസ്ഥാനത്തിൽ സർവ്വേ നമ്പറും സബ് ഡിവിഷനും സ്കെച്ചിൽ ചേർത്തിട്ടില്ല. ജിയോ കോഡിനേറ്റുകൾ നൽകാത്തതിനാൽ കർഷകർക്ക് തങ്ങളുടെ പ്രദേശങ്ങൾ സ്കെച്ചു ചെയ്യാൻ കഴിയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സംരക്ഷിത മേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ എന്ന് പറഞ്ഞിരുന്നിടത്തു നിന്ന് ഇപ്പോൾ കണക്കാക്കിയിരിക്കുന്നത് റവന്യൂ ഭൂമിയിൽ ഒരു കിലോമീറ്ററാണ്. പഞ്ചായത്ത് തിരിച്ച് വില്ലേജ് അടിസ്ഥാനത്തിൽ ഫിസിക്കൽ വേരിഫിക്കേഷൻ നടത്താതെ തയ്യാറാക്കുന്ന ഇത്തരം റിപ്പോർട്ടുകൾ ഇരുട്ടുകൊണ്ടുള്ള സർക്കാരിന്റെ ഓട്ട അടക്കൽ മാത്രമാണ്. ഇതുവരെ ബഫർ സോൺ പരിധിയിൽ പെടാതിരുന്ന ചില വില്ലേജുകൾകൂടി ഉപഗ്രഹ സർവ്വേയിൽപ്പെട്ടു എന്നതാണ് ഉപഗ്രഹ സർവ്വേ കൊണ്ട് ഉണ്ടായ നേട്ടം. മലയോരജനതയുടെ സംരക്ഷണമാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ മനുഷ്യവാസ പ്രദേശങ്ങളും കൃഷിസ്ഥലങ്ങളും കൃത്യമായി മാപ്പു ചെയ്യാൻ നടപടി ഉണ്ടാകണമെന്നും കർഷക പ്രതിനിധികൾ ആരോപിച്ചു.