സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ ചാടിയിറങ്ങിയ സഹോദരന്മാർ മരിച്ചു

Saturday 17 December 2022 1:54 AM IST

ചാലക്കുടി:സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ ചാടിയിറങ്ങാൻ ശ്രമിക്കവേ, ബന്ധുക്കളായ കൗമാരക്കാർ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കൊരട്ടി കട്ടപ്പുറം കുറ്റിപ്പള്ളം വീട്ടിൽ പരേതനായ പീതാംബരന്റെ മകൻ കൃഷ്ണകുമാർ (17), കൊരട്ടി ആറ്റപ്പാടം പുളിക്കൽ ശങ്കരന്റെ മകൻ സഞ്ജയ് (17) എന്നിവരാണ് മരിച്ചത്. കൃഷ്ണകുമാറിന്റെ അമ്മ പ്രിയയുടെ സഹോദരി പ്രഭയുടെ മകനാണ് സഞ്ജയ്.

ഇന്നലെ പുലർച്ചെ രണ്ടിന് കൊരട്ടി അങ്ങാടി സ്റ്റേഷനിലായിരുന്നു അപകടം. സഞ്ജയിന്റെ മൃതദേഹം പ്‌ളാറ്റ് ഫോമിലും കൃഷ്ണകുമാറിന്റേത് ട്രാക്കിലുമാണ് കിടന്നത്. ട്രെയിൻ പോയി മൂന്ന് മണിക്കൂറിന് ശേഷം സ്‌റ്റേഷനിലെ ഗാങ്മാനാണ് മൃതദേഹങ്ങൾ കണ്ടത്. ഉടനെ കൊരട്ടി പൊലീസിനെ അറിയിച്ചു. പൊലീസ് മൃതദേഹങ്ങൾ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം ഭാഗത്ത് നിന്ന് വടക്കോട്ട് പോയ ട്രെയിനിൽ കയറിയ ഇവർ,​ കൊരട്ടി സ്‌റ്റേഷനിൽ വേഗത കുറഞ്ഞപ്പോൾ ചാടിയിറങ്ങിയെന്നാണ് നിഗമനം. നിജസ്ഥിതി അറിയാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ജോലിയൊന്നുമില്ലാത്ത ഇവർ എവിടെ പോയതാണെന്ന് അറിവായിട്ടില്ല. മംഗളൂരു എക്‌സ്‌പ്രസും അമൃത എക്‌സ്‌പ്രസുമാണ് ഈ സമയത്ത് പോയത്. കൃഷ്ണകുമാറിന്റെ സഹോദരി കൃഷ്ണപ്രിയ. സഞ്ജയിന്റെ സഹോദരൻ സുജിത്ത്. പോസ്റ്റ്‌മോർട്ടം ഇന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.