ഹർജി ഹൈക്കോടതി തള്ളി, കോർപ്പറേഷൻ കത്ത് വിവാദം: സി.ബി.ഐ അന്വേഷണമില്ല

Saturday 17 December 2022 12:58 AM IST

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കോർപ്പറേഷനിലെ ഒഴിവുകൾ നികത്താൻ പാർട്ടി അംഗങ്ങളുടെ പേര് ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ലെറ്റർപാഡിൽ കത്തയച്ചത് സംബന്ധിച്ച് മുൻ കൗൺസിലർ ജി.എസ്. ശ്രീകുമാർ നൽകിയ ഹർജി ജസ്റ്റിസ് കെ. ബാബു തള്ളി. സി.ബി.ഐ അന്വേഷണമില്ലെങ്കിൽ സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന ആവശ്യവും നിരസിച്ചു. നവംബർ അഞ്ചിന് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയ ഹർജിക്കാരൻ മൂന്നുദിവസംകഴിഞ്ഞ് ഹർജി നൽകിയതായി കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക സാഹചര്യം പരിഗണിച്ചേ ഒരു ഏജൻസിയിൽനിന്ന് മറ്റൊന്നിലേക്ക് അന്വേഷണം മാറ്റാനാകൂ. അന്വേഷണ ഏജൻസിയെ മാറ്റാൻ ന്യായമായ കാരണങ്ങൾ ഹർജിക്കാരന് ബോദ്ധ്യപ്പെടുത്താനായില്ലെന്നും വിലയിരുത്തി. തന്നോടുള്ള രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിൽ ദുരുദ്ദേശ്യപരമായി ചിലർ കത്ത് വ്യാജമായി ചമച്ചതാണെന്ന് മേയർ ആര്യാ രാജേന്ദ്രൻ ബോധിപ്പിച്ചു. മേയർ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതായി സർക്കാരും അറിയിച്ചു.