സോമൻ സ്മൃതിസായാഹ്നം, കമലഹാസനെത്തും

Friday 16 December 2022 11:18 PM IST
s

തിരുവല്ല: നടൻ എം.ജി. സോമന്റെ വിയോഗത്തിന്റെ 25 -ാം വാർഷികത്തോടനുബന്ധിച്ച് നൽകുന്ന ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഏറ്രുവാങ്ങാൻ തെന്നിന്ത്യൻ താരം കമലഹാസനെത്തും. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എം.ജി. സോമൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 19ന് തിരുവല്ല വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന 'ഓർമ്മകളിൽ സോമേട്ടൻ ' സ്മൃതി സായാഹ്നത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ അവാർഡ് സമ്മാനിക്കും. ചലച്ചിത്ര താരങ്ങളായ സുരേഷ് ഗോപി, ജനാർദ്ദനൻ, വിജയരാഘവൻ, വിധുബാല, സീമ, സന്തോഷ്, രഞ്ജിപണിക്കർ, സംവിധായകരായ പ്രിയദർശൻ, ഹരിഹരൻ, ജോഷി, ഭദ്രൻ, ചെറിയാൻ കൽപ്പകവാടി, കവിയൂർ ശിവപ്രസാദ്, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ, ആന്റോ ആന്റണി എം.പി, സജി ചെറിയാൻ എം.എൽ.എ, നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ്, ജില്ലാ കളക്ടർ ദിവ്യാ എസ്. അയ്യർ എന്നിവർ പങ്കെടുക്കും. എം.ജി. സോമന്റെ ചിത്രങ്ങളിലെ ഗാനങ്ങൾ കോർത്തിണക്കി പിന്നണി ഗായകൻ സുധീപ് കുമാർ നയിക്കുന്ന ഗാനാർച്ചനയും ഉണ്ടാകും. ക്ഷണിക്കപ്പെട്ട രണ്ടായിരം പേർക്കാണ് പ്രവേശനം. പാസ് ലഭിച്ചവർ വൈകിട്ട് ആറിന് മുമ്പായി ഹാളിൽ പ്രവേശിക്കണം. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ഭാരവാഹികളായ ബ്ലെസി, ജോർജ്ജ് മാത്യു, എസ്. കൈലാസ്, സാജി സോമൻ, എസ്.ഡി.വേണുകുമാർ, രാധാകൃഷ്ണൻ, സുരേഷ്, ക്യാപ്റ്റൻ ജി.ജി.കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Advertisement
Advertisement