പട്ടയ അപേക്ഷകൾ തീർപ്പാക്കാൻ നടപടി

Saturday 17 December 2022 12:00 AM IST

തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് പട്ടയ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാനുള്ള നടപടികളുമായി റവന്യുവകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലകളിലെ റവന്യു ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് 20 മുതൽ മേഖലാതല യോഗങ്ങൾ ചേരും. ഇതിന് മുന്നോടിയായി കളക്ടറേറ്റ്, താലൂക്ക് ഓഫീസ്, ലാൻഡ് റവന്യു കമ്മിഷണറേറ്റ് എന്നിവിടങ്ങളിൽ കെട്ടിക്കിടക്കുന്ന ഫയലുകളുടെ വിവരങ്ങൾ ഗൂഗിൾ സ്‌പ്രെഡ് ഷീറ്റിൽ അടിയന്തരമായി രേഖപ്പെടുത്താൻ മന്ത്രി കെ.രാജൻ നിർദ്ദേശിച്ചു.

അപേക്ഷകൾ എളുപ്പത്തിൽ വേർതിരിക്കാൻ നാലു നിറങ്ങളിലാവും രേഖപ്പെടുത്തുക. എളുപ്പത്തിൽ പരിഹരിക്കാവുന്നവ പച്ച നിറത്തിലും സാങ്കേതിക തടസങ്ങളുടെ കടുപ്പമനുസരിച്ച് മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളും നൽകും. കുളം, റോഡ്, തോട്, കനാൽ, പാറക്കെട്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട് റവന്യു രേഖകളിൽ പുറമ്പോക്ക് എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭൂമിക്ക് മതിയായ രേഖകളുടെ അഭാവത്തിലാണ് പട്ടയം നൽകാനാവാതെ വന്നത്. ഇതൊക്കെ പരിശോധിച്ചാകും അപേക്ഷകൾ തീർപ്പാക്കുക.

തിരുവനന്തപുരം മേഖലാ യോഗം 20ന് ഐ.എം.ജിയിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന

എറണാകുളം മേഖലായോഗം 22നാണ്. 23ന് നടക്കുന്ന കോഴിക്കോട് മേഖലാ യോഗത്തിൽ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ പങ്കെടുക്കും.

Advertisement
Advertisement