വിജിലൻസ് പരിശോധന , സബ് രജിസ്ട്രാർ ഓഫീസുകളിൽ നിന്ന് 1.25 ലക്ഷംരൂപ പിടിച്ചെടുത്തു
തിരുവനന്തപുരം: സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഫയലുകൾക്കിടയിൽ ഒളിപ്പിച്ച 12,670 രൂപ ഉൾപ്പെടെ ജീവനക്കാരിൽ നിന്നടക്കം കണക്കിൽപ്പെടാത്ത ഒന്നേകാൽ ലക്ഷം രൂപ പിടിച്ചെടുത്തു. 'ഓപ്പറേഷൻ പഞ്ചികിരൺ 2' എന്ന പേരിൽ 54 ഓഫീസുകളിൽ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണിത്. ജീവനക്കാർക്ക് നൽകാനായി ആധാരമെഴുത്തുകാർ എത്തിച്ച തുക ഉൾപ്പെടെയാണ് പിടിച്ചെടുത്തത്.
മാവേലിക്കര സബ് രജിസ്ട്രാർ ഓഫീസിൽ, ഓഫീസ് സമയം കഴിയാറായപ്പോൾ എത്തിയ ആധാരമെഴുത്ത് ജീവനക്കാരിൽ നിന്ന് പിടിച്ചെടുത്തത് 47,250 രൂപ. മഞ്ചേശ്വരം ഓഫീസിൽ രണ്ട് ആധാരമെഴുത്തുകാരിൽ നിന്ന് 18,000 രൂപ. കോഴിക്കോട് കക്കോടിയിൽ ഏജന്റിന്റെ പക്കൽ നിന്ന് 16,000, കാഞ്ഞിരപ്പള്ളിയിൽ ജീവനക്കാരിൽ നിന്ന് 17,040, കോഴിക്കോട് ചേവായൂരിൽ 6,200, കോഴിക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 1,100, ചാലപ്പുറത്തു നിന്ന് 1,500, മലപ്പുറം എടക്കരയിൽ 1,870, പൂവാറിൽ നിന്ന് 1,150, പാലക്കാട് ഒലവക്കോട്ട് 400 രൂപ എന്നിങ്ങനെയാണ് പിടിച്ചെടുത്തത്.
നെയ്യാറ്റിൻകര ഓഫീസിൽ അറ്റൻഡറുടെ ബാങ്ക് അക്കൗണ്ടിൽ 15,000 രൂപയും സീനിയർ ക്ലർക്കിന്റെ അക്കൗണ്ടിൽ 10,000 രൂപയും ആധാരമെഴുത്തുകാർ ഗൂഗിൾ പേ ചെയ്തതായും കണ്ടെത്തി. ആധാരം രജിസ്റ്റർ ചെയ്യുന്നതിന് സാക്ഷികളായി സ്ഥിരമായി ആധാരമെഴുത്ത് ഓഫീസുകളിലെ ഒരേ സ്റ്റാഫുകൾ എത്തുന്നത് അടക്കമുള്ള ക്രമക്കേടുകളും കണ്ടെത്തി.
കാഷ് രജിസ്റ്ററിൽ
'കൈക്കൂലി തുകയും'
ജീവനക്കാർ രാവിലെ ഓഫീസിലെത്തുമ്പോൾ കൈവശമുള്ള തുക എഴുതേണ്ട പേഴ്സണൽ കാഷ് ഡിക്ലറേഷൻ രജിസ്റ്ററിലും ക്രമക്കേട് കണ്ടെത്തി. കൈവശമുള്ള തുകയും അന്നേദിവസം കൈക്കൂലി ലഭിക്കാൻ സാദ്ധ്യതയുള്ള തുകയും കൂട്ടിച്ചേർത്താണ് ചിലർ എഴുതുന്നത്. തൃശൂർ പഴയന്നൂർ സബ് രജിസ്ട്രാർ രേഖപ്പെടുത്തിയത് 6,500 രൂപ. കൈവശമുണ്ടായിരുന്നത് 1,500 രൂപ. പുതുപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിലെ അറ്റൻഡർ സ്ഥിരമായി 7,000 രൂപയാണ് എഴുതുന്നത്.