രണ്ട് മാസം 'ഹാഥ് കെ ഹാഥ് ജോഡോ അഭിയാൻ' , ജോഡോ യാത്ര വിശദീകരിക്കാൻ ഗൃഹസന്ദർശനത്തിന് കോൺഗ്രസ്

Saturday 17 December 2022 12:00 AM IST

തിരുവനന്തപുരം: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി കോൺഗ്രസിന്റെ ഊർജ്ജം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യവും സന്ദേശവും പാർട്ടി രാജ്യവ്യാപകമായി ഗൃഹസന്ദർശനം നടത്തി ജനങ്ങളോട് വിശദീകരിക്കും.

റിപ്പബ്ലിക് ദിനമായ ജനുവരി 26 മുതൽ രണ്ട് മാസം 'ഹാഥ് കെ ഹാഥ് ജോഡോ അഭിയാൻ' എന്ന പേരിലായിരിക്കും പ്രചാരണം. ഇതിനായി തയ്യാറെടുക്കാൻ എ.ഐ.സി.സി നേതൃത്വം സംസ്ഥാന പി.സി.സികളോട് നിർദ്ദേശിച്ചു.

കേരളത്തിലെ പരിപാടികൾ ആലോചിക്കാൻ ഇന്ന് വൈകിട്ട് കെ.പി.സി.സി ഭാരവാഹി യോഗം ചേരും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനടക്കമുള്ള നേതാക്കൾ പാർലമെന്റ് സമ്മേളനത്തിന് ഡൽഹിയിലായതിനാൽ യോഗം ഓൺലൈനിലാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രാജസ്ഥാനിൽ ഭാരത് ജോഡോ യാത്രയിലാണ്.

കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ നയങ്ങൾക്കെതിരായ ശക്തമായ രാഷ്ട്രീയ പ്രഖ്യാപനമായാണ് കന്യാകുമാരി മുതൽ കാശ്‌മീർ വരെ ഭാരതത്തെ ഒരുമിപ്പിക്കുകയെന്ന സന്ദേശവുമായി രാഹുൽഗാന്ധി യാത്ര ആരംഭിച്ചത്. നൂറ് ദിവസം പിന്നിടുമ്പോൾ, യാത്ര കടന്ന് പോകുന്ന സ്ഥലങ്ങളിൽ മാത്രം വലിയ ഓളം സൃഷ്ടിക്കുന്നതല്ലാതെ രാജ്യമൊട്ടാകെ ചലനമുണ്ടാക്കുന്നില്ല. സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ ശേഷിയുടെ പരിമിതികളാണ് തടസം. ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കനത്ത തോൽവിയാണ് സംഭവിച്ചത്.സംസ്ഥാനങ്ങളിൽ താഴേ തട്ടിലെ സംഘടനാപ്രവർത്തനത്തിന്റെ ദൗർബല്യം മുഴച്ചുനിൽക്കുന്നു. ഇതെല്ലാം പരിഹരിച്ച് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം നേടാനുള്ള സംഘടനാശേഷി വീണ്ടെടുക്കാനാണ് ശ്രമം. ജനുവരി 30ന് കാശ്‌മീരിൽ ജോഡോ യാത്ര സമാപിക്കും.

പുനഃസംഘടനാ ചർച്ച

സംസ്ഥാനത്തെ പാർട്ടി പുനഃസംഘടന ആരെങ്കിലും ഇന്നത്തെ യോഗത്തിൽ ഉന്നയിച്ചാൽ ചർച്ച ചെയ്യും. പുനഃസംഘടനയ്ക്ക് കഴിഞ്ഞ രാഷ്ട്രീയ കാര്യസമിതി യോഗം പച്ചക്കൊടി കാട്ടിയിരുന്നു. മൂന്ന് മാസത്തിനകം പുനഃസംഘടന പൂർത്തിയാക്കാനാണ് ആലോചന. മണ്ഡലം, ബ്ലോക്ക്, ഡി.സി.സി തലങ്ങളിലാണ് ആദ്യം. ഇതിനായി ഓരോ ജില്ല‌യ്‌ക്കും സമിതികൾ രൂപീകരിക്കും. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങൾക്കും ഡി.സി.സി ഭാരവാഹിത്വത്തിനും പരിഗണിക്കേണ്ടവരുടെ പാനൽ കെ.പി.സി.സിക്ക് കൈമാറുകയാണ് സമിതികളുടെ ഉത്തരവാദിത്വം. നിലവിലെ ഡി.സി.സി അദ്ധ്യക്ഷന്മാർ, കെ.പി.സി.സി ഭാരവാഹികൾ എന്നിവരിൽ ചിലരെ മാറ്റുന്നത് ചർച്ചകളിലുണ്ട്. കാര്യക്ഷമമായി പ്രവർത്തിക്കാത്തവരെ ഒഴിവാക്കണമെന്നാണ് അഭിപ്രായം.

Advertisement
Advertisement