നക്ഷത്രശോഭയിൽ നാട്, ക്രിസ്മസ് വിപണി ഉണർന്നു

Friday 16 December 2022 11:26 PM IST

പത്തനംതിട്ട: ക്രിസ്മസ് ആഘോഷത്തിനൊരുങ്ങുകയാണ് നാടും നഗരവും. നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്മസ് ട്രീയും അലങ്കാരവസ്തുക്കളുമായി വിപണി സജീവമായി. വൈവിദ്ധ്യമാർന്ന എൽ.ഇ.ഡി ലൈറ്റുകളാണ് പ്രധാന ആകർഷണം.

129 രൂപ മുതൽ 2000 രൂപ വരെയുള്ള നക്ഷത്രങ്ങൾ വിൽപനയ്ക്കുണ്ട്. പരമ്പരാഗതമായ നക്ഷത്രങ്ങളും പുതുമയേറിയ എൽ.ഇ.ഡി നക്ഷത്രങ്ങളുമുണ്ട്. അഞ്ചു രൂപ മുതൽ വിലയുള്ള ചെറിയ നക്ഷത്രങ്ങളും ലഭിക്കും. എൽ.ഇ.ഡി നക്ഷത്രങ്ങളുടെ വരവോടെ കടലാസ് കൊണ്ടുള്ള നക്ഷത്രങ്ങളുടെ വില്പനയിൽ സാരമായ കുറവ് സംഭവിച്ചിട്ടുണ്ട്.

ചെറിയ ക്രിസ്മസ് ട്രീ മുതൽ നാലടി ഉയരമുള്ള ക്രിസ്മമസ് ട്രീ വരെ ലഭിക്കും. വെള്ളനിറത്തിലുള്ള ക്രിസ്മസ് ട്രീകളാണ് പുതുമയായുള്ളത്. ഇവയ്ക്ക് 400 രൂപ മുതൽ 5000 രൂപ വരെയാണ് വില വരുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും സാന്താക്ലോസ് വേഷങ്ങൾ 300 രൂപ മുതൽ ലഭിക്കും. മാസ്‌കുകളും, പുൽക്കൂടും, അലങ്കാരവസ്തുക്കളും, സുലഭമായിട്ടുണ്ട്.

പുൽക്കൂട്ടിൽ വയ്ക്കുന്ന പ്രതിമകൾക്ക് സെറ്റിന് 200 രൂപ വിലയാകും. 20, 40 മീറ്ററുള്ള എൽ.ഇ.ഡി ബൾബുകൾക്ക് 100 രൂപയാണ് ഏറ്റവും കുറഞ്ഞ വില. വിവിധ നിറങ്ങൾ നൽകുന്ന എൽ.ഇ.ഡി ബൾബുകൾ , മാല ലൈറ്റുകൾ എന്നിവയാണ് കൂടുതലും വിറ്റഴിയുന്നത്. ഇത്തവണയും ക്രിസ്മസ് കാർഡുകൾക്ക് വിൽപ്പന കുറവാണ്.