തെരുവുനായ്ക്കളെ പിടിക്കാൻ 5 ലക്ഷം അനുവദിച്ചു 5 ദിവസം പരിശീലനം

Friday 16 December 2022 11:34 PM IST

പത്തനംതിട്ട : തെരുവുനായ്ക്കളെ പിടിക്കാനുള്ള 5 ദിവസത്തെ പരിശീലനത്തിന് അഞ്ച് ലക്ഷം രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത്. നായ്ക്കളെ പിടിക്കുന്നതിനും വന്ധീകരണം, മാറ്റിപ്പാർപ്പിക്കൽ തുടങ്ങിയവയ്ക്കുമാണ് ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയിൽ പരിശീലനം നൽകുന്നത്. പത്താം ക്ലാസ് വിജയിച്ച കായികശേഷിയുള്ള യുവതി, യുവാക്കൾ അതത് ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി മുഖേന ഈ മാസം 20 ന് മുമ്പ് അപേക്ഷ നൽകണം. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

നേരത്തെ മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ 52 പേർക്ക് തെരുവുനായയെ പിടിക്കാനായുള്ള പരിശീലനം നൽകിയിരുന്നു. എന്നാൽ രണ്ട് ദിവസം മാത്രമായിരുന്നു പരിശീലനം. ഇതുകൊണ്ട് പ്രയോജനമില്ലെന്ന് അധികൃതർ തന്നെ സമ്മതിച്ചിരുന്നു.

കുടുംബശ്രീയിൽ പേര് രജിസ്റ്റർ ചെയ്തവർക്കാണ് അന്ന് പരിശീലനം നൽകിയത്. നിരന്തരമുള്ള പരിശീലനം കൊണ്ട് മാത്രമേ തെരുവുനായയെ പിടിക്കാൻ കഴിയു. അതിനായുള്ള ശ്രമത്തിലാണ് ഇപ്പോൾ അധികൃതർ. മറ്റ് ജില്ലകളിൽ നിന്നുള്ളവരെ വരുത്തിയായിരുന്നു ഇതുവരെ നായയെ പിടിച്ചിരുന്നത്.

എ.ബി.സിക്ക് 25 ലക്ഷം

എ.ബി.സി പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എ.ബി.സി നടപ്പാക്കുന്ന ബ്ലോക്ക് പഞ്ചായത്തുകൾക്കാണ് ഫണ്ട് നൽകുന്നത്. പദ്ധതിക്കായി സ്ഥലം കണ്ടെത്തി ആധുനിക സൗകര്യങ്ങളുമുള്ള ഓപ്പറേഷൻ തീയേറ്റർ അടക്കമുള്ള കെട്ടിടം നിർമ്മിക്കണം. ഇതിന് വലിയ തുക ചെലവാകുമെന്നതിനാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിസംഗത പാലിക്കുകയാണ്.

" എ.ബി.സി പദ്ധതിക്കായുള്ള കെട്ടിടത്തിന് സ്ഥലം ധാരണയായിട്ടുണ്ട്. നിർമ്മാണ കാര്യങ്ങൾക്കുള്ള നടപടിയിലാണിപ്പോൾ. "

അഡ്വ. ഓമല്ലൂർ ശങ്കരൻ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്