'സ്റ്റാർ' ആയി മെസിയും അവതാറും നാടെങ്ങും ക്രിസ്മസ് തിളക്കം

Saturday 17 December 2022 12:02 AM IST

കോഴിക്കോട്: ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറം പകരാൻ വിപണി മിഴി തുറന്നു. പല വർണങ്ങൾക്ക് പുറമെ വെള്ളിത്തിരയിലെ സൂപ്പർ‌ സ്റ്റാറുകളും ലോക കപ്പ് സ്റ്റാറുകളുമാണ് ഇക്കുറി വിപണിയിലെ സ്റ്റാർ. മെസി, നെയ്മർ, ക്രിസ്റ്റ്യാനോ, അവതാർ, മിന്നൽ മുരളി, കടുവ, തുടങ്ങി വിവിധ പേരുകളിലെ നക്ഷത്രങ്ങൾ തേടി ആളുകൾ കടകൾ കയറിയിറങ്ങുകയാണ്. എൽ.ഇ.ഡി ലെെറ്റോടു കൂടിയവയ്ക്ക് 140 മുതൽ 780 രൂപ വരെയാണ് വില. അലങ്കാരങ്ങളും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും കേക്കുകളുമായി കച്ചവടക്കാ‌ർ നിറഞ്ഞതോടെ വിപണിയും ഉഷാറാണ്. മിഠായിത്തെരുവ്, നടക്കാവ് എന്നിടങ്ങളിൽ വിപണി ആരംഭിച്ചത് മുതൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.

എൽ.ഇ.ഡി, പേപ്പർ നക്ഷത്രങ്ങൾ എന്നിവയ്ക്ക് തന്നെയാണ് ആവശ്യക്കാ‌ർ ഏറെയും. വിവിധ വലുപ്പത്തിലുള്ള പേപ്പർ നക്ഷത്രങ്ങൾക്ക് 10 രൂപ മുതൽ 350 രൂപവരെയാണ് വില. ഇക്കുറി വെൽവറ്റ് നക്ഷത്രങ്ങളും വിപണിയിലുണ്ട്. മണികൾ, മാലകൾ, ബോളുകൾ, നക്ഷത്രങ്ങൾ എന്നിവയുടെ മാലയ്ക്കും വിപണിയിൽ ആവശ്യക്കാർ ഏറെ. കുട്ടികളെ ആകർഷിക്കുന്ന ഉത്പന്നങ്ങളാണ് ക്രിസ്മസ് വിപണിയിലെ മറ്റൊരു സവിശേഷത.

ക്രിസ്മസ് അപ്പൂപ്പന്റെ തൊപ്പി 10 രൂപ മുതലും മുഖംമൂടികൾക്ക് 15 മുതൽ 240 രൂപ വരെയാണ് വില. കരോളിനൊരുങ്ങാനുള്ള വേഷത്തിന് 350 മുതൽ 1500 രൂപ വരെ നൽകണം. വിവിധ എൽ.ഇ.ഡി ബൾബുകൾ - 100 മുതൽ 500 വരെ വിലയിൽ കിട്ടും. ഒരടി മുതൽ എട്ടടി വരെ ഉയരത്തിൽ ക്രിസ്മസ് മരവും അലങ്കാരങ്ങളും കച്ചവടത്തിനുണ്ട്. വലുപ്പമനുസരിച്ച് 400 മുതൽ 4000 വരെയാണ് വില വരുന്നത്. രണ്ടാൾപ്പൊക്കം വരുന്ന എൽ.ഇ.ഡി ലെെറ്റോടു കൂടിയ ക്രിസ്മസ് ട്രീകൾക്ക് 9400 രൂപയാണ്. മുള കൊണ്ടുള്ള പുൽക്കൂട് 300 രൂപ മുതൽ വിപണിയിലുണ്ട്. പുൽക്കൂട്ടിൽ വെക്കുന്ന രൂപങ്ങളും അലങ്കാരത്തിനായി മുപ്പതോളം ഐറ്റങ്ങളുമുണ്ട്. പുൽക്കൂട് സെറ്റിന് 290 മുതൽ 2100 വരെയാണ്.

വിവിധ അലങ്കാരങ്ങൾ- 600- 1000 വിലയിൽ ലഭ്യമാണ്. ആറ് മാസം പ്രായമായ കുഞ്ഞുങ്ങൾക്കുള്ള പപ്പാനി വേഷങ്ങളും വിപണിയിലുണ്ട്. 340 രൂപയാണ് ഇവയുടെ വില. വലിയവർക്കുള്ളതിന് 2100 രൂപയാണ്.

"ക്രിസ്മസ് വിപണി സജീവമായി. നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. അടുത്ത ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നാണ് പ്രതീക്ഷ".-

യു.അബ്ദുറഹിമാൻ,

സോഫിയ പാരഡെെസ്, നടക്കാവ്.