പഞ്ചായത്തംഗത്തിന്റെ പ്രതിഷേധം ഫലം കണ്ടു; മണിക്കൂറുകൾക്കുള്ളിൽ കുടിവെള്ളമെത്തി

Saturday 17 December 2022 12:04 AM IST

കൊല്ലം : ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ദിവസങ്ങളായി മുടങ്ങിയ കുടിവെള്ള വിതരണം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം വാട്ടർ അതോറിട്ടി ഓഫീസിസ് പടിക്കൽ നടത്തിയ പ്രതിഷേധസമരം ഫലം കണ്ടു.സമരത്തെ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ പുന്നക്കാട് വാർഡിൽ വാട്ടർ അതോറിട്ടി അധികൃതർ കുടിവെള്ളമെത്തിച്ചു.

വാർഡ് മെമ്പർ ഹരികുമാർ കുന്നുംപുറത്താണ് ഇന്നലെ രാവിലെ മുതൽ വാട്ടർ അതോറിട്ടി ഓഫീസിനു മുന്നിൽ നിലത്ത് കിടന്ന് പ്രതിഷേധിച്ചത്.തുടർന്ന് 4മണിക്ക് മുൻപ് ലൈനിൽ വെള്ളമെത്തിക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. അതിനിടെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ കൊല്ലം കോർപ്പറേഷൻ,ശാസ്താംകോട്ട,ചവറ, നീണ്ടകര,ശക്തികുളങ്ങര,ശൂരനാട് തെക്ക്,പടിഞ്ഞാറെ കല്ലട,തേവലക്കര,തെക്കുംഭാഗം എന്നീ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

എന്നാൽ സമയബന്ധിതമായി അറ്റകുറ്റപണികൾ തീർക്കാതിരുന്നതിനാൽ കുടിവെള്ള വിതരണം പൂർണമായി നിലച്ചു. ദിവസങ്ങളായി ശുദ്ധജല തടാകത്തിന്റെ നാടായ കുന്നത്തൂർ താലൂക്കിൽ പോലും ജലവിതരണം നടത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ഇതിനാൽ വരും ദിവസങ്ങളിൽ വാട്ടർ അതോറിട്ടിക്കെതിരെ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ് ഉപഭോക്താക്കൾ.