ചാരിറ്റിയുടെ പേരിൽ നിർബന്ധിത പിരിവ് !
തിരുവനന്തപുരം ജില്ലയുടെ പല ഭാഗങ്ങളിലും ചാരിറ്റിയുടെ പേരിൽ വീടുകളിലെത്തി നിർബന്ധിത പിരിവ് വ്യാപകമാവുന്നു. മുൻപ് ഒരു വീട്ടിൽനിന്നും പരമാവധി സംഭാവന നൂറോ ഇരുനൂറോ ആണ് വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ ആയിരത്തിൽ കുറഞ്ഞ സംഭാവന സ്വീകരിക്കാൻ ഇവർ തയാറല്ല. ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ സ്ത്രീകളോട് ഉൾപ്പെടെ മോശം ഭാഷയിൽ സംസാരിക്കുന്നതായും പലരും പറയുന്നു.
പിരിവ് ചോദിച്ചു വരുന്നവർ സ്ഥാപനത്തിന്റെ പേരും സ്ഥലപേരും അല്ലാതെ മറ്റൊന്നും വെളിപ്പെടുത്താറില്ല. രജിസ്റ്റർ നമ്പർ, അന്തേവാസികളുടെ എണ്ണം അവരുടെ പ്രായം തുടങ്ങിയ വിവരങ്ങൾ ചോദിച്ചാൽ ഉത്തരം നൽകില്ല. പണം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാമെന്ന പറഞ്ഞാലും ഇവർ സമ്മതിക്കില്ല.
സത്യസന്ധമായി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന നിരവധി സ്ഥാപനങ്ങൾ തിരുവനന്തപുരത്തുണ്ട്. അഭ്യുദയകാംക്ഷികൾ വിശേഷാൽ ദിവസങ്ങളിൽ നൽകുന്ന സംഭാവനയാണ് ഇവരുടെ പ്രധാന വരുമാനം. അവർക്കുകൂടി അപമാനമാണ് ചാരിറ്റിയുടെ പേരിലെ നിർബന്ധിത പിരിവ് നടത്തുന്നവർ. ഇക്കാര്യത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും ശ്രദ്ധയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.
അജയ് .എസ്. കുമാർ
തിരുവനന്തപുരം