പിഎൻബി തട്ടിപ്പ്: റിജിൽ ജോലി ചെയ്ത മുഴുവൻ ശാഖകളിലും പരിശോധന

Saturday 17 December 2022 12:07 AM IST

കോഴിക്കോട് : പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷന്റേതുൾപ്പെടെ അക്കൗണ്ടുകളിൽ തിരിമറി നടത്തിയ കേസിൽ അറസ്റ്റിലായ മുൻ മാനേജർ എം.പി. റിജിലിനെ (32) ചോദ്യം ചെയ്യൽ തുടരുന്നു. ഓരോ ഇടപാടുകളെ കുറിച്ചും രേഖകളുടെ അടിസ്ഥാനത്തിലാണ് റിജിലിനെചോദ്യം ചെയ്യുന്നത്.

പി.എൻ.ബിയിൽ ജോലി ചെയ്ത എട്ട് വർഷക്കാലയളിൽ ഇയാൾ നടത്തിയ മുഴുവൻ ഇടപാടുകളും പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് അസി.കമ്മിഷണർ ടി.എ. ആന്റണി പറഞ്ഞു. കോഴിക്കോട്ടും പാലക്കാടുമായി നാല് ശാഖകളിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. കോഴിക്കോട് കോർപ്പറേഷന്റെത് ഉൾപ്പെടെയുള്ള അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയ ലിങ്ക് റോഡ് ശാഖയിലും അവസാനം ജോലി ചെയ്ത എരഞ്ഞിപ്പാലം ശാഖയിലും നേരത്തെ പരിശോധന നടത്തിയിരുന്നു. ഇതിന് പുറമെ പാലക്കാട്ടേക്കും പരിശോധന നീളും.

തട്ടിയെടുത്ത പണം ഓഹരി ഊഹക്കച്ചവടത്തിനും വായ്പ തവണ അടയ്ക്കാനും ഓൺലൈൻ റമ്മി കളിക്കും ഉപയോഗിച്ചതായി റിജിൽ മൊഴി നൽകിയെങ്കിലും കൂടുതൽ വ്യക്തതയ്ക്കുള്ള ചോദ്യം ചെയ്യലാണ് നടക്കുന്നത്. നാല് ദിവസം കൂടി ഇയാൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ തുടരും. 21.29 കോടി തിരിമറി നടത്തിയ റിജിൽ 12.68 കോടി തട്ടിയെടുത്തെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ഇതിൽ 12.6 കോടിയും കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്നായിരുന്നു.

പണം കിട്ടി, കോർപ്പറേഷന് പലിശ എന്ന് കിട്ടും

കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് നഷ്ടമായ 12.6 കോടി രൂപ രണ്ട് ഘട്ടമായി പി.എൻ.ബി തിരിച്ചുകൊടുത്തെങ്കിലും ഇതിന്റെ പലിശ ഇനിയും നൽകാനുണ്ട്. ഇക്കാര്യം പി.എൻ.ബിയോട് ആവശ്യപ്പെട്ടതായി മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. അക്കൗണ്ടുകളിൽ പരിശോധന കർശനമാക്കുമെന്നും എല്ലാ മാസവും പരിശോധന നടത്തുമെന്നും മേയർ പറഞ്ഞു. പല ബാങ്കുകളിലെ അക്കൗണ്ടുകളിലായി കോർപ്പറേഷന്റെ വിവിധ പദ്ധതികളുടെ പണം ഉണ്ട്. അക്കൗണ്ടുകളുടെ എണ്ണം കുറച്ച് പരമാവധി തുക ഓൺ ഫണ്ടിലേക്ക് മാറ്റുന്നത് പരിശോധിക്കുമെന്നും മേയർ വ്യക്തമാക്കി.