ചലച്ചിത്രമേള കൊടിയിറങ്ങി , സുവർണ ചകോരം ഉതമയ്ക്ക്; പ്രേക്ഷകപ്രീതി നൻപകൽ നേരത്ത് മയക്കത്തിന്

Saturday 17 December 2022 12:09 AM IST

തിരുവനന്തപുരം: ബൊളീവിയൻ ചലച്ചിത്രം ഉതമയ്ക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സുവർണ ചകോരം. നിശാഗന്ധി ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസിന്റെ കരഘോഷത്തിനിടെ ചിത്രത്തിന്റെ നിർമ്മാതാവ് സാന്റിയാഗോ ലോയിസ ഗ്രിസി മന്ത്രി വി.എൻ.വാസവനിൽ നിന്ന് 20 ലക്ഷം രൂപയും ശില്പവും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം സ്വീകരിച്ചു.

വരൾച്ചയെ നേരിടുന്ന വൃദ്ധ ദമ്പതികളെ സന്ദർശിക്കുന്ന ചെറുമകന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

മികച്ച സംവിധായകനുള്ള രജത ചകോരം (നാല് ലക്ഷം രൂപ) കെർ എന്ന ചിത്രത്തിന് ടർക്കിഷ് സംവിധായകൻ തൈഫൂൺ പിർസെ മോഗ്‌ളൂവിനാണ് . ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയാകുന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രം. ഹംഗേറിയൻ സംവിധായകൻ ബേല താറിനിക്ക് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്ക'മാണ് പ്രേക്ഷകപ്രീതി നേടിയ ചിത്രം. രണ്ട് ലക്ഷം രൂപയുടെ അവാ‌ർഡ് ചിത്രത്തിലെ നടി പി. എസ് സിന്ധു ഏറ്റുവാങ്ങി.

മികച്ച നവാഗത സംവിധായകനുള്ള രജതചകോരവും മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ഫിറാസ് ഹൗരി സംവിധാനം ചെയ്ത അറബി ചിത്രമായ ആലത്തിനാണ്. റോമി മെയ്‌തെയ് സംവിധാനം ചെയ്ത മണിപ്പൂരി ചിത്രം 'അവർ ഹോം' മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരം നേടി. നെറ്റ്പാക് സ്‌പെഷ്യൽ ജൂറി പരാമർശവും അവർ ഹോമിനാണ്.

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് സ്വന്തമാക്കി.

മികച്ച നവാഗത സംവിധായകനുള്ള ഫിപ്രസി പുരസ്‌കാരം ഇന്ദു വി. എസ് സംവിധാനം ചെയ്ത മലയാള ചിത്രം 19 (1 )(എ) നേടി . ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്.എസ്.ഐ കെ.ആർ മോഹനൻ പുരസ്‌കാരത്തിന് അമർ കോളനിയുടെ സംവിധായകൻ സിദ്ധാർഥ് ചൗഹാൻ തെരെഞ്ഞെടുക്കപ്പെട്ടു. ഏക്‌താര കളക്ടീവ് ഒരുക്കിയ എ പ്ലേസ് ഓഫ് അവർ ഓൺ ആണ് ഈ വിഭാഗത്തിലെ മികച്ച ചിത്രം.രാജ്യാന്തര മത്സര വിഭാഗത്തിലെ ചിത്രങ്ങളിൽ മികച്ച പ്രകടനത്തിനുള്ള പ്രത്യേക പരാമർശത്തിന് ഈ ചിത്രത്തിൽ അഭിനയിച്ച മനീഷാ സോണിയും മുസ്‌ക്കാനും അർഹരായി.