സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

Saturday 17 December 2022 12:15 AM IST

കോഴിക്കോട്: സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാവും. ടാഗോർ സെന്റിനറി ഹാളിൽ (കാട്ടാക്കട ശശി നഗർ) സി.ഐ.ടി.യു ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിക്കും. തിരഞ്ഞെടുക്കപ്പെട്ട 604 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

സമ്മേളന നഗരിയിലേക്കുള്ള പതാക , കൊടിമര ജാഥകൾ ഇന്നലെ കോഴിക്കോട് കടപ്പുറത്ത് സംഗമിച്ചു. ടി.പി. രാമകൃഷ്ണൻ എം.എൽ.എ പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയിൽ റെഡ് വോളന്റിയർമാർ ഇരു ജാഥകളെയും അനുഗമിച്ചു. ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പതാക ജാഥയ്ക്ക് തുടക്കമായത്. ഒഞ്ചിയം രക്തസാക്ഷി പുറവിൽ കണാരന്റെ ചെറുമകൻ വിജയൻ ജാഥാ ക്യാപ്റ്റൻ കെ.പി. സഹദേവന് പതാക കൈമാറി. പൊയിൽ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. കൊടിമര ജാഥ തൊട്ടിൽപ്പാലം കുണ്ടുതോട് പാപ്പച്ചൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ചു. ജാഥാ ക്യാപ്റ്റൻ കെ.എസ്. സുനിൽകുമാറിന് പാപ്പച്ചന്റെ ഭാര്യ സൂസി കൊടിമരം കൈമാറി. എ.എം. റഷീദ് അദ്ധ്യക്ഷത വഹിച്ചു.