കൊളംബോയെ ആശ്രയിക്കേണ്ട,​ വിഴിഞ്ഞം നിയന്ത്രിക്കും രാജ്യത്തെ ചരക്കുനീക്കം

Saturday 17 December 2022 12:19 AM IST

 4000 കോടി വർഷം ലാഭം

തിരുവനന്തപുരം: രാവും പകലും ധൃതഗതിയിൽ പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖ നിർമ്മാണം പൂർത്തിയാവുന്നതോടെ ഇന്ത്യയുടെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും കേന്ദ്ര ബിന്ദുവായി വിഴിഞ്ഞം മാറും. പടുകൂറ്റൻ മദർഷിപ്പുകൾ അടുപ്പിക്കാവുന്ന രാജ്യത്തെ പോർട്ടാവും വിഴഞ്ഞം. ഇപ്പോൾ, കൊളംബോയ്ക്കുൾപ്പെടെ നൽകുന്ന വകയിൽ വർഷം നമുക്ക് 4000 കോടി രൂപ ലാഭിക്കാനുമാവും.

കഴിഞ്ഞ വർഷം 61,500 കോടി ഡോളറിന്റെ ഇറക്കുമതിയും 47,000 കോടി ഡോളറിന്റെ കയറ്റുമതിയുമാണ് ഇന്ത്യ നടത്തിയത്. ഇതിനായി കൊച്ചി അടക്കം സർക്കാരിന്റെ പന്ത്രണ്ട് പോർട്ടുകളും അദാനിയുടെ പന്ത്രണ്ടു പോർട്ടുകളും പ്രധാനമായും ആശ്രയിച്ചത് കൊളംബോ തുറമുഖത്തെയാണ്.

ചരക്കു കണ്ടെയ്‌നറുകളുടെ ഹാൻഡ്‌ലിംഗ് ചാർജ് മാത്രമാണ് തുറമുഖത്തിന്റെ വരുമാനം. ഒരു കണ്ടെയ്നറിന്റെ നീക്കത്തിനു മാത്രം പതിനായിരം രൂപയിലേറെ ലഭിക്കാൻ കഴിയും. പതിനായിരത്തോളം പേർക്ക് നേരിട്ട് തൊഴിലും ലഭിക്കും.

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തോട്ടണ്ടി കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നിവിടങ്ങളിലെത്തിച്ചശേഷം ഫീഡർ കപ്പലുകളിൽ കൊച്ചിയിലും തൂത്തുക്കൂടിയിലും എത്തിക്കുന്നതിന് പകരം നേരിട്ട് വിഴിഞ്ഞത്ത് ഇറക്കും. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സാധനങ്ങളും ഇതുപാേലെ എത്തും.

പ്ളൈവുഡ്, ഓട്, കളിമൺ പാത്രം, ചെരുപ്പ്, തുണിത്തരങ്ങൾ, ചെമ്മീൻ, സംസ്കരിച്ച കശുഅണ്ടി തുടങ്ങിയവ കേരളത്തിന്റേതായി ഇവിടെ നിന്ന് കയറ്റി അയയ്ക്കും.ചരക്കു നീക്കത്തിന് ഷാങ്ഹായിൽ നിന്നുള്ള എട്ടു കൂറ്റൻ ക്രെയിനുകളാണ് അദാനി വാങ്ങി വിഴിഞ്ഞത്ത് കൊണ്ടുവരുന്നത്. 80 കോടി രൂപയാണ് ഒരു ക്രെയിനിന്റെ വില. മേയിൽ ഇവ എത്തും.

വിഴിഞ്ഞം വരുമാനം കോടിയിൽ

2024-25 ...............93

2025-26 ..............501

2026-27 ..............615

2027-28 ..............772

2028-29 ..............939

2029-30 ............1114

40 വർഷ കരാർ തീരുമ്പോൾ

ആകെ വരുമാനം

28,000 കോടി

സംസ്ഥാനത്തിന്

4,700 കോടി

നികുതി

2,700 കോടി

അദാനിക്ക് ലാഭം

2,391 കോടി

1.25 കോടി ടൺ ചരക്ക്

 ഒരു മദർഷിപ്പിൽ 24500 കണ്ടെയ്നർ

വർഷം 10 ലക്ഷം കണ്ടെയ്‌നർ

ഒരു കണ്ടെയ്‌നറിൽ 12.5 ടൺ

ഒരു വർഷത്തെ ചരക്ക് 1.25 കോടി ടൺ

നേരിട്ട് തൊഴിൽ

ഒന്നാംഘട്ടം 2000 പേർക്ക്

രണ്ടാം ഘട്ടം 6000 പേർക്ക്

മൂന്നാം ഘട്ടം 9000 പേർക്ക്

ഇതിന്റെ ഇരട്ടിയിലേറെ പരോക്ഷ ജോലി

പ്രാദേശിക വികസനം

ക്രെയിൻ സർവീസ് സെന്ററുകൾ, കണ്ടെയ്‌നർ സ്റ്റോറേജുകൾ, റഫ്രിജറേഷൻ കേന്ദ്രങ്ങൾ, ഇല‌‌ക്‌ട്രോണി‌ക്‌സ് സ്ഥാപനങ്ങൾ, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ

നഗരവൽക്കരണം

ബാലരാമപുരം റെയിൽവേ സ്റ്രേഷനുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന 10.7 കിലോമീറ്റർ റെയിൽപ്പാതയും അപ്രോച്ച് റോഡുകളും പൂർത്തിയാകുന്നതോടെ ഗേറ്റ്‌വേ കാർഗോ (റോഡ്,​ റെയിൽ ചരക്ക് നീക്കം )​ വർദ്ധിക്കും. തിരുവനന്തപുരം ഔട്ടർറിംഗ് റോഡും വ്യവസായ ഇടനാഴിയും കൂടുതൽ പ്രദേശങ്ങൾ നഗരങ്ങളാവാൻ വഴിയൊരുക്കും.

ടൂറിസം ഉണർവ്

5,000 സഞ്ചാരികളുള്ള ആഡംബര കപ്പലുകൾ എത്തും.

കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തിരക്കേറും

കന്യാകുമാരി - ആലപ്പുഴ ടൂറിസ്റ്റ് ബോട്ട് സർവീസ്

ചെറു തുറമുഖങ്ങൾ രക്ഷപ്പെടും

കൊല്ലം,ബേപ്പൂർ പോലുള്ള ചെറുകിട തുറമുഖങ്ങളിലേക്കും അവിടെ നിന്ന് വിഴിഞ്ഞത്തേക്കും ചരക്കുമായി ചെറുകപ്പലുകൾ എത്തും

' തുറമുഖത്തിന് അനുബന്ധമായി വ്യവസായങ്ങൾ വളരും. ഷിപ്പിംഗ് ചെലവ് കുറച്ച് വിപണിയിലും ഉണർവുണ്ടാക്കാം.'

ഡോ.ജയകുമാർ സി.ഇ.ഒ,വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്