പിടുകൂടുന്ന സ്വർണ്ണത്തിൽ വലിയ വർദ്ധനവ്: കരിപ്പൂരിൽ കടത്തിയത് 130 കോടിയുടെ സ്വർണ്ണം
മലപ്പുറം: ജനുവരി ഒന്ന് മുതൽ ഇതുവരെ കരിപ്പൂർ വിമാനത്താവളം വഴി കടത്തിയത് 130 കോടിയിലധികം രൂപയുടെ സ്വർണ്ണം. 266 കിലോ സ്വർണ്ണവുമായി 320 പേർ അറസ്റ്റിലായി. കസ്റ്റംസ് പിടികൂടിയ സ്വർണ്ണത്തിന്റെ മാത്രം കണക്കാണിത്. 1.42 കോടിയുടെ വിദേശ കറൻസിയും പിടികൂടി. ഡിസംബർ ഒന്ന് മുതൽ ഇന്നലെ വരെ 14.5 കിലോഗ്രാം സ്വർണ്ണം പിടികൂടി. 14 പേർ അറസ്റ്റിലായി. ഇതിന്റെ കൃത്യമായ വില കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. സ്വർണ്ണമിശ്രിതം മറ്റ് ലോഹങ്ങളിലടക്കം കലർത്തിയാണ് കടത്തുന്നത്. ഇത് വേർത്തിരിച്ചെടുത്ത് തൂക്കം കണക്കാക്കിയാണ് വില നിശ്ചയിക്കുന്നത്.
നവംബറിൽ 21.25 കിലോഗ്രാം സ്വർണ്ണം പിടികൂടിയിരുന്നു. 10.85 കോടി രൂപ വില വരും. 33 പേർ വലയിലായി. സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ഒത്താശയേകിയതിന് സൂപ്രണ്ട് പിടിയിലായത് കസ്റ്റംസിന് വലിയ മാനക്കേട് ഉണ്ടാക്കിയിരുന്നു. പിന്നാലെ പരിശോധന കർശനമാക്കിയത് വലിയ രീതിയിൽ സ്വർണ്ണക്കടത്തിന് തടയിടാനായി. കണ്ടെത്താൻ തീർത്തും പ്രയാസകരമായ രീതിയിലാണ് കാരിയർമാർ സ്വർണ്ണം കടത്തുന്നത്. അബൂദാബി, ഷാർജ, ദുബായ്, ബഹ്റൈൻ, മസ്കറ്റ്, ജിദ്ദ, ദോഹ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായും കരിപ്പൂർ വഴി സ്വർണ്ണം കടത്തുന്നത്.
കടത്താൻ എന്തൊക്കെ മാർഗങ്ങൾ!
പിടികൂടിയവരിൽ കൂടുതൽ പേരും ശരീരത്തിനകത്ത് ക്യാപ്സൂൾ രൂപത്തിൽ സ്വർണ്ണം കടത്തുകയാണ് ചെയ്തത്. കുറ്റം സമ്മതിക്കാത്തതിനാൽ ആശുപത്രിയിലെത്തിച്ച് എക്സ്റേ എടുക്കുകയാണ് പതിവ്. വസ്ത്രത്തിൽ തേച്ചുപിടിപ്പിച്ചും, അടിവസ്ത്രത്തിൽ ഒളിപ്പിച്ചും ഇലക്ട്രോണിക് ഉപകരണങ്ങൾക്കുള്ളിലും വിവിധ വസ്തുക്കളുടെ രൂപത്തിലാക്കി സിൽവർ പൂശിയും കളിപ്പാട്ടങ്ങളിലും മിഠായി ബോക്സിലുമെല്ലാം സ്വർണ്ണം അതിവിദഗ്ദമായി കടത്തുന്നുണ്ട്. ഒരുകിലോ സ്വർണം കടത്തിയാൽ അരലക്ഷം രൂപ മുതൽ പ്രതിഫലവും വിമാന ടിക്കറ്റ്, വിസ, താമസച്ചെലവുകൾ എന്നിവയും സ്വർണക്കടത്ത് സംഘം നൽകും. കുറഞ്ഞ കാലയളവിൽ ഗൾഫിലേക്ക് പോയി മടങ്ങിയെത്തുന്നവരെ കസ്റ്റംസ് പ്രത്യേകം നിരീക്ഷിക്കാൻ തുടങ്ങിയതോടെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന പ്രവാസികളെ കാരിയർമാരാക്കുന്ന വിധത്തിലേക്ക് സ്വർണ്ണക്കടത്ത് മാഫിയ ചുവടുമാറ്റിയിട്ടുണ്ട്.