ഇരിമ്പിളിയത്ത് കരടി എത്തിപ്പെടാൻ സാധ്യതയില്ലെന്ന് വനം വകുപ്പ്

Saturday 17 December 2022 1:56 AM IST

വളാഞ്ചേരി: ഇരിമ്പിളിയത്ത് കരടി എത്തിപ്പെടാൻ സാധ്യതയില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ. കൊടുമുടിയിൽ കരടിയുടെ രൂപസാദൃശ്യമുള്ള മൃഗത്തെ കണ്ടെന്നുള്ള അഭ്യൂഹത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച നിലമ്പൂർ ഫോറസ്റ്റ് ഡിവിഷന് കീഴിലെ വണ്ടൂർ റേഞ്ച് ആർ.ആർ.ടി (റാപ്പിഡ് റെസ്‌പോൺസ് ടീം) അംഗങ്ങളാണ് ഇക്കാര്യമറിയിച്ചത്.

ഇരിമ്പിളിയം കൊടുമുടി ക്ഷേത്രത്തിന് സമീപം പുഴക്കടവിൽ കരടിയെ കണ്ടെന്ന് പ്രദേശവാസിയായ സുകുമാരൻ പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു. തൊട്ടടുത്ത ദിവസം മറ്റൊരു വീട്ടിൽ അജ്ഞാത മൃഗത്തിന്റെ വലിയ കാൽപ്പാടുകളും കണ്ടെത്തി. ഇക്കാര്യം അറിയിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.

കാൽപ്പാടുകൾ ഉപേക്ഷിക്കപ്പെട്ട വളർത്തു നായയുടേതാകാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. കാടിനോട് ചേർന്നതല്ലാത്ത പ്രദേശമായതിനാൽ ഇവിടെ കരടി എത്തിപ്പെടാൻ സാധ്യതയില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ആർ.ആർ.ടി അംഗങ്ങളായ സജീഷ്, ബിജിൽ, ഉണ്ണിക്കൃഷ്ണൻ, നാസർ താമരശ്ശേരി എന്നിവരും ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസീലയുമാണ് സ്ഥലം സന്ദർശിച്ചത്.