മൂന്നാമനെ ഇന്നറിയാം...

Saturday 17 December 2022 3:06 AM IST

ലോകകപ്പിൽ വീണ്ടും ക്രൊയേഷ്യ - മൊറോക്കോ പോരാട്ടം

ദോഹ: ലോകകപ്പിൽ ഇന്ന് മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള പോരാട്ടം. മിന്നൽക്കുതിപ്പ് നടത്തി സെമിവരെയെത്തിയ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും ഇത്തവണത്തെ കറുത്ത കുതിരകളായ മൊറോക്കോയും തമ്മിലാണ് മൂന്നാം സ്ഥാനക്കാരെത്തേടിയുള്ള ലൂസേഴ്സ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ ഖലീഫ ഇന്റർ നാഷണൽ സ്റ്രേഡിയത്തിലാണ് മത്സരം.

തുട‌ർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിട്ടെത്തിയ ക്രൊയേഷ്യ ലൂക്ക മെഡ്രിച്ചെന്ന പ്ലേമേക്കറുടെ നേതൃത്വത്തിൽ ഇത്തവണയും പൊരുതി മുന്നേറിയെങ്കിലും സെമിയിൽ ലയണൽ മെസിയുടെ അർജന്റീനയ്ക്ക് മുന്നിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽവി സമ്മതിക്കുകയായിരുന്നു. മറുവശത്ത് ഇത്തവണ അദ്ഭുതക്കുതിപ്പ് നടത്തിയ മൊറോക്കോ കരുത്തരായ ബൽജിയത്തേയും മുൻ ലോകചാമ്പ്യൻമാരായ സ്പെയിനിനേയും ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പോർച്ചുഗലിനേയും തരിപ്പണമാക്കി ഖത്തറിൽ നടത്തിയ സ്വപ്നക്കുതിപ്പ് സെമിയിൽ ഫ്രാൻസ് അവസാനിപ്പിക്കുകയായിരുന്നു. മറുപടിയില്ലത്ത രണ്ട് ഗോളിനായിരുന്നു സെമിയിൽ മൊറോക്കോയുടെ തോൽവി.

ഇത്തവണ ഗ്രൂപ്പ് എഫിൽ ആയിരുന്ന മൊറോക്കോയും ക്രൊയേഷ്യയും ഖത്തറിൽ തങ്ങളുടെ യാത്ര തുടങ്ങിയത് പരസ്പരം എതിരിട്ടുകൊണ്ടായിരുന്നു. ഇരുവരും മുഖാമുഖം വന്ന ഗ്രൂപ്പ് എഫിലെ ആ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചിരുന്നു. ഗ്രൂപ്പിൽ നിന്ന് ഒന്നാമൻമാരായി മൊറോക്കോയും രണ്ടാം സ്ഥാനക്കാരായി ക്രൊയേഷ്യയും നോക്കൗട്ടിൽ കടന്നു.

നോട്ട് ദ പോയിന്റ്

ആഫ്രിക്കൻ ടീമിനെതിരെ അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും ക്ലീൻഷീറ്റ് നിലനിറുത്താൻ ക്രൊയേഷ്യയ്ക്ക് കഴിഞ്ഞു.

10- അവസാനം നടന്ന പത്ത് ലൂസേഴ്സ് ഫൈനലുകളിലും യൂറോപ്യൻ ടീമാണ് ജയിച്ചത്.

2-ക്രൊയേഷ്യയുടെ രണ്ടാം ലൂസേഴ്സ് ഫൈനലാണിത്. 1998ൽ അവ‌ർ മൂന്നാം സ്ഥാനം നേടിയിരുന്നു.

1- ലോകകപ്പ് സെമിയിൽ എത്തുന്ന ആദ്യ ആഫ്രിക്കൻ ടീമാണ് മൊറോക്കോ.