ഗില്ലിനും പുജാരയ്ക്കും സെഞ്ച്വറി

Saturday 17 December 2022 3:12 AM IST

മൂന്നാം ദിനവും ഇന്ത്യൻ ആധിപത്യം

ചിറ്റഗോംഗ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനവും നിറഞ്ഞാട ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 513 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 42 എന്ന നിലയിലാണ്. രണ്ട് ദിവസവും 10 വിക്കറ്രും കൈയിലിരിക്കെ ബംഗ്ലാദേശിന് ജയിക്കാൻ 471 റൺസ് കൂടി വേണം. സ്കോർ: ഇന്ത്യ 404 /10,​ 258/2 ഡിക്ലയേർഡ്. ബംഗ്ലാദേശ് 150/10,​ 42/0.

133/8 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ബംഗ്ലാദേശിനെ 150 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ അവരെ ഫോളോഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സിന് ഇറങ്ങുകയായിരുന്നു. കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്കായി ശുഭ്മാൻ ഗില്ലും (110)​,​ ചേതേശ്വാർ പുജാരയും (102)​ സെഞ്ച്വറി നേടിയതോടെ കാര്യങ്ങൾ ഇന്ത്യയുടെ ഗെയിംപ്ലാൻ പോലെ വരികയായിരുന്നു. 152 പന്ത് നേരിട്ട് 10 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് ശുഭ്മാന്റെ ഇന്നിംഗ്സ്. 130 പന്ത് നേരിട്ട് 13 ഫോറുൾപ്പെട്ടതാണ് പുജാരയുടെ ഇന്നിംഗ്സ്. 47 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയ്ക്കായി പുജാര സെഞ്ച്വറി നേടുന്നത്. വിരാട് കൊഹ്‌ലിയായിരുന്നു (19)​ ഡിക്ലയർ ചെയ്യുമ്പോൾ പുജാരയ്ക്കൊപ്പം ക്രീസിൽ.

Advertisement
Advertisement