കേന്ദ്ര സിലബസ് സ്കൂൾ കായികമേള ജനുവരിയിൽ

Saturday 17 December 2022 3:23 AM IST

കൊച്ചി: സി.ബി.എസ്.ഇ ഉൾപ്പെടെ കേന്ദ്ര സിലബസിലെ വിദ്യാർത്ഥികൾക്കായി ജനുവരിയിൽ സംസ്ഥാനതല കായികമേള സർക്കാർ സംഘടിപ്പിക്കും. സംസ്ഥാന സ്‌പോർട്സ് കൗൺസിലിനാണ് സംഘാടന ചുമതല. അടുത്തയാഴ്ച കൗൺസിൽ വിളിച്ചുചേർക്കുന്ന യോഗം കായികമേളയുടെ വിശദവിവരങ്ങൾ നിശ്ചയിക്കും.

സ്‌പോർട്സ് വകുപ്പമന്ത്രി വി. അബ്ദുറഹിമാൻ വിളിച്ചുചേർത്ത യോഗമാണ് കായികമേള സംഘടിപ്പിക്കാൻ തീരുമാനിച്ചത്. നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ, സംസ്ഥാന സെക്രട്ടറി സുചിത്ര ഷൈജിന്ത്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, കായികവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, ജി. രാജ്മോഹൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, നവോദയ വിദ്യാലയം, കേന്ദ്രീയ വിദ്യാലയം എന്നിവയിലെ വിദ്യാർത്ഥികളാണ് കായികമേളയിൽ പങ്കെടുക്കുക. കുട്ടികളെ പങ്കെടുപ്പിക്കുന്നത് ഉൾപ്പെടെ വിശദമായ നിർദേശങ്ങൾ കേന്ദ്ര സിലബസ് സ്കൂളുകൾ സംസ്ഥാന സ്‌പോർട്സ് കൗൺസിലിന് നൽകും. അടുത്തവർഷംമുതൽ കൂടുതൽ കാര്യക്ഷമവും മികവുറ്റതുമായ രീതിയിൽ വിപുലമായി കായികമേള സംഘടിപ്പിക്കുന്നതിനുള്ള ശുപാർശ സ്‌പോർട്സ് കൗൺസിൽ സർക്കാരിന് സമർപ്പിക്കാനും യോഗം തീരുമാനിച്ചു.

ജനുവരി 15ന് ശേഷം തിരുവനന്തപുരത്ത് കായികമേള സംഘടിപ്പിക്കാണ് തീരുമാനം. 2018ൽ കേന്ദ്ര സിലബസ് സ്കൂളുകളുടെ കായികമേള ആരംഭിച്ചെങ്കിലും കൊവിഡിനെത്തുടർന്ന് വീണ്ടും നടത്താനായില്ല. കേന്ദ്ര സിലബസിലെ കായികമികവുള്ള വിദ്യാർത്ഥികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കായികമേള വീണ്ടും സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.

സംസ്ഥാന കായികമേളയിൽ മികവ് പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത പഠനപ്രവേശനത്തിന് വെയിറ്റേജ് അനുവദിക്കണമെന്ന നിർദേശമുയർന്നിരുന്നു. കായികമേളയിലെ പ്രകടനം വിലയിരുത്തിയശേഷം സ്‌പോർട്സ് കൗൺസിൽ ഇതുസംബന്ധിച്ച ശുപാർശ സമർപ്പിക്കും.

സംസ്ഥാനത്ത് 1300ലേറെ സി.ബി.എസ്.ഇ അഫിലിയേഷനുള്ള സ്കൂളുകളും 162 ഐ.സി.എസ്.ഇ സ്കൂളുകളും 41 കേന്ദ്രീയവിദ്യാലയങ്ങളും 14 ജവഹർ നവോദയ വിദ്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്.

*സ്വാഗതാർഹം

കേന്ദ്രം നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസനയത്തിൽ പഠനത്തിനൊപ്പം കായികകലാ മേഖലകളിലെ മികവിനും പ്രാധാന്യം നൽകുന്ന സാഹചര്യത്തിൽ കായികമേള സംഘടിപ്പിക്കാനുള്ള തീരുമാനം പ്രാധാന്യമർഹിക്കുന്നു. തീരുമാനം സ്വാഗതാർഹമാണ്. 2018 ന് ശേഷം മുടങ്ങിയ സംസ്ഥാനതല കായികമേള പുനരാരംഭിക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്.

ഡോ. ഇന്ദിരാ രാജൻ

സെക്രട്ടറി ജനറൽ

നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ്

Advertisement
Advertisement