ലുസൈലിലെ യുദ്ധം

Saturday 17 December 2022 8:26 PM IST

ദോഹ : ലുസൈൽ സ്റ്റേഡിയത്തിലെ അവസാന യുദ്ധത്തിന് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. അടുത്ത നാലുവർഷം ലോക ഫുട്ബാളിലെ രാജാക്കന്മാരുടെ സിംഹാസനത്തിൽ ഫ്രാൻസിന്റെ തുടർവാഴ്ചയാണോ അർജന്റീനയുടെ 36 വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള ആരോഹണമാണോ എന്നറിയാനുള്ള കാത്തിരിപ്പ്.

ആരു ജയിച്ചാലും ഈ ഫൈനൽ ചരിത്രത്തിൽ ഇടം പിടിക്കും. അർജന്റീനയാണെങ്കിൽ മറഡോണ യുഗത്തിന് ശേഷമുള്ള അവരുടെ ആദ്യ കിരീടം. ഇക്കാലഘട്ടത്തിന്റെ ഫുട്ബാൾ മിശിഹ ലയണൽ മെസിക്ക് കിരീടത്തിൽ മുത്തമിട്ട് ലോകകപ്പിനോട് വിടപറയാനുള്ള സുവർണാവസരം. മറുവശത്ത് ഫ്രാൻസിന് തുടർച്ചയായ രണ്ടാം ലോകകപ്പ് നേടുന്ന മൂന്നാമത്തെ മാത്രം ടീമാകാനുള്ള അവസരം. 1962ൽ ബ്രസീലാണ് അവസാനമായി കിരീടം നിലനിറുത്തിയ ടീം.

തോറ്റുതുടങ്ങി ഫൈനലിലേക്ക് എത്തിയവരാണ് അർജന്റീനക്കാർ. ആദ്യ മത്സരത്തിൽ സൗദി അറേബ്യ 2-1ന് അട്ടിമറിച്ച ഇടത്തുനിന്ന് ഫീനിക്സ് പക്ഷിയേപ്പോലെയാണ് മെസിയും സംഘവും പറന്നുയർന്നത്. ഗ്രൂപ്പ് റൗണ്ടിൽ മെക്സിക്കോയ്ക്കും പോളണ്ടിനുമെതിരെ 2-0ത്തിന്റെ വിജയങ്ങൾ. പ്രീ ക്വാർട്ടറിൽ ആസ്ട്രേലിയയെ മറികടന്നത് 2-1ന്. ക്വാർട്ടർ ഫൈനലിൽ ഹോളണ്ടിനെതിരെ 2-0ത്തിന് ലീഡ് ചെയ്തശേഷം 2-2ന് സമനില വഴങ്ങി എക്സ്ട്രാ ടൈമിലേക്കും പോയി. ഷൂട്ടൗട്ടിൽ ആദ്യ രണ്ട് ഡച്ച് കിക്കുകൾ തടുത്തിട്ട എമിലിയാനോയുടെ മികവിൽ 4-3ന് ജയം. സെമിയിൽ അതിസുന്ദരമായ പ്രകടനം പുറത്തെടുത്ത് ക്രൊയേഷ്യയെ കീഴടക്കിയത് മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക്.

ഗ്രൂപ്പ് ഡിയിൽ മത്സരിച്ച ഫ്രാൻസ് ആസ്ട്രേലിയയെ 4-1ന് തകർത്താണ് തുടങ്ങിയത്. രണ്ടാം മത്സരത്തിൽ ഡെന്മാർക്കിനെ 2-1ന് തോൽപ്പിച്ചതോടെ ഗ്രൂപ്പിൽ ഒന്നാമന്മാരായി പ്രീ ക്വാർട്ടർ ഉറപ്പിച്ചതിന്റെ ആവേശത്തിൽ ടുണീഷ്യയ്ക്കെതിരെ ബെഞ്ച് സ്ട്രെംഗ്ത് പരീക്ഷിക്കാനിറങ്ങി 1-0ത്തിന് തോറ്റു. എന്നാൽ പ്രീ ക്വാർട്ടർ മുതൽ പഴയ ഫ്രാൻസായി. പ്രീ ക്വാർട്ടറിൽ 3-1ന് പോളണ്ടിനെ പൊളിച്ച‌ടുക്കിയ ഫ്രാൻസ് ക്വാർട്ടറിൽ ഇംഗ്ളണ്ടിനെ കീഴടക്കിയത് 2-1നായിരുന്നു. സെമിയിൽ മൊറോക്കോയുടെ കടുത്ത വെല്ലുവിളി 2-0ത്തിന് അതിജീവിച്ചാണ് കലാശക്കളിക്ക് ടിക്കറ്റെടുത്തത്.

മെസിയും എംബാപ്പെയും തമ്മിൽ

ഈ ലോകകപ്പ് ഫൈനൽ ഒരേ ക്ളബിൽ ഒരുമിച്ചു കളിക്കുന്ന രണ്ട് ലോകോത്തര താരങ്ങളുടെ ഏറ്റുമുട്ടൽ കൂടിയാണ്; ലയണൽ മെസിയുടെയും കിലിയൻ എംബാപ്പെയുടേയും. ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയിലെ മുന്നേറ്റനിരയിലെ കുന്തമുനകളാണ് ഇരുവരും. ലോകകപ്പിൽ അഞ്ചുഗോളുകൾ വീതം നേടി ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിൽ മുന്നിലാണ് മെസിയും എംബാപ്പെയും.മെസി മൂന്നുഗോളുകൾക്ക് അസിസ്റ്റ് ചെയ്ത് നേരിയ മുൻതൂക്കം കാത്തുസൂക്ഷിക്കുന്നു. എംബാപ്പെ രണ്ട് അസിസ്റ്റുകൾ നടത്തി. ഫൈനലിൽ ഗോളടിക്കുന്നവർ ഗോൾഡൻ ബൂട്ട് നേടും.

മെസി എന്ന ഇതിഹാസം ലോകകപ്പ് നേട്ടം എന്ന പൂർണതയ്ക്കായി ശ്രമിക്കുമ്പോൾ സുഹൃത്ത് എന്ന നിലയിൽ അത് എംബാപ്പെയെ വേദനിപ്പിക്കുന്നുണ്ടാവാം.പക്ഷേ രാജ്യത്തിന്റെ കുപ്പായത്തിൽ കളിക്കാനിറങ്ങുമ്പോൾ മറ്റൊരു ചിന്തകൾക്കും മനസിൽ ഇടമുണ്ടാവില്ല.

1

ലോകകപ്പ് ഫൈനലിൽ ആദ്യമായാണ് ഫ്രാൻസും അർജന്റീനയും ഏറ്റുമുട്ടുന്നത്.

6

അർജന്റീന ഫൈനലിൽ എത്തുന്നത് ആറാം തവണ.

2

തവണയാണ് കിരീടം നേടാനായത്. (1978,1986 )

4

ഫ്രാൻസ് ഫൈനലിലെത്തുന്നത് നാലാം തവണ

2

തവണ അവർ കിരീ‌ടം നേടിയിട്ടുണ്ട്.(1998,2018).2006ൽ മാത്രമാണ് ഫൈനലിൽ തോറ്റത്.

6-3-3

ഫ്രാൻസും അർജന്റീനയും തമ്മിൽ ഇതിന് മുമ്പ് 12 മത്സരങ്ങളിൽ ഏറ്റുമുട്ടി.ആറു വിജയങ്ങൾ അർജന്റീനയ്ക്ക്. മൂന്ന് വിജയങ്ങൾ ഫ്രാൻസിന്. മൂന്ന് സമനിലകൾ.

ലോകകപ്പുകളിലെ അർജന്റീന - ഫ്രാൻസ് പോരാട്ടങ്ങൾ

3 തവണയാണ് അർജന്റീനയും ഫ്രാൻസും ലോകകപ്പിൽ ഏറ്റുമുട്ടിയത്. 1930,1978,2018 ലോകകപ്പുകളി ലായിരുന്നു ഈ പോരാട്ടങ്ങൾ. ഇതിൽ1930ലും 78ലും ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന ജയിച്ചു.2018ലെ പ്രീ ക്വാർട്ടറിൽ ഫ്രാൻസ് വിജയിച്ചു.

1930

അർജന്റീന -1

ഫ്രാൻസ് -0

(81-ാം മിനിട്ടിൽ മോണ്ടി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ വിജയം)

1978

അർജന്റീന -2

ഫ്രാൻസ് -1

(45-ാം മിനിട്ടിൽ പാസെറല്ല പെനാൽറ്റിയിലൂടെ നേടിയ ഗോളിന് അർജന്റീന മുന്നിൽ .60-ാം മിനിട്ടിൽ മിഷേൽ പ്ളാറ്റിനി ഫ്രാൻസിനെ സമനിലയിലെത്തിച്ചു.73-ാം മിനിട്ടിൽ ലൂക്കെയുടെ ഗോളിൽ അർജന്റീനയുടെ ജയം)

2018

ഫ്രാൻസ് -4

അർജന്റീന-3

(13-ാം മിനിട്ടിൽ ഗ്രീസ്മാൻ പെനാൽറ്റിയിലൂടെ ഫ്രാൻസിനെ മുന്നിലെത്തിക്കുന്നു.41-ാം മിനിട്ടിൽ ഡി മരിയയും 48-ാം മിനിട്ടിൽ മെർക്കാഡോയും ചേർന്ന് അർജന്റീനയ്ക്ക് ലീഡ് നൽകുന്നു.57-ാം മിനിട്ടിലെ പവാർഡിന്റെ ഗോളിലൂടെ കളി വീണ്ടും സമനിലയിൽ. 64,68 മിനിട്ടുകളിലെ എംബാപ്പെയുടെ വെടിയുണ്ട പോലുള്ള ഗോളുകൾ മെസിപ്പടയുടെ സ്വപ്നം തകർക്കുന്നു. 90-ാം മിനിട്ടിൽ അഗ്യുറോ ഒരു ഗോൾ കൂടി തിരിച്ചടിച്ചിട്ടും ഫലമുണ്ടായില്ല.)

ഫൈനൽ ഫൈറ്റിന് ഫ്രാൻസ്

1.കഴിഞ്ഞ തവണ ഫ്രാൻസിനെ ലോകചാമ്പ്യൻമാരാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച കിലിയൻ എംബാപ്പെ തന്നെയാണ് ഇത്തവണയും ഫ്രാൻസിന്റെ കുന്തമുന.എംബാപ്പെയുടെ വേഗതയ്ക്കൊപ്പം എത്തുകയെന്നത് എതിർ പ്രതിരോധ നിരയ്ക്ക് വലിയ വെല്ലുവിളിയാണ്.

2. ഒളി​വർ ജിറൂദ്, അന്റോയിൻ ഗ്രീസ്മാൻ, ഒസ്‌മാനെ ഡെംബലെ എന്നീ ലോകോത്തര മുന്നേറ്റ നിരക്കാർ ഏത് പ്രതിസന്ധിയിൽ നിന്നും ടീമിനെ കരകയറ്രാൻ കെൽപ്പുള്ളവരാണ്. ഖത്തറിൽ ഇതുവരെ നാലുഗോളുകൾ നേടിക്കഴിഞ്ഞ ജിറൂദ് ബെൻസേമയുടെ അഭാവം നികത്തുന്നു.

3. പ്രതിരോധമാണ് ഫ്രാൻസിന് അൽപ്പമെങ്കിലും തലവേദനയുണ്ടാക്കുന്നത്. കിംപെംബെയേപ്പോലുള്ള കരുത്തരെ പരിക്ക് മൂലം നഷ്ടപ്പെട്ട ഫ്രാൻസ് പ്രതിരോധം ലോകകപ്പിൽ ഇതുവരെ വലിയ രീതിയിൽ പരീക്ഷിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇതുവരെ കളിച്ച ആറിൽ അഞ്ചുമത്സരങ്ങളിലും ഒാരോ ഗോൾ വഴങ്ങിയിരുന്നു.

4. മിഡ്ഫീൽഡർമാരായാ ഓഹെലിയാൻ ഷുവാമെനിയും അഡ്രിയാൻ റാബിയോട്ടും വൈറൽ പനി മാറി തിരിച്ചെത്തിയില്ലെങ്കിൽ പ്രശ്മാകും.

5. സൈഡ് ബഞ്ചിന് കരുത്ത് പോരായെന്ന് പലപ്പോഴും വെളിപ്പെട്ടിട്ടുണ്ട്. എംബാപ്പെയെയും ജിറൂദിനെയും പൂട്ടിയാൽ ദെഷാംപ്സിന് മറുതന്ത്രം മെനയുക പ്രയാസമാകും.

ഫ്രാൻസ്

കോച്ച് : ദിദിയെർ ദെഷാംപ്സ്

ക്യാപ്ടൻ: ഹ്യൂഗോ ലോറിസ്

മികച്ച പ്രകടനം : 1998ലും 2018ലും ചാമ്പ്യൻമാരായി.

ഫൈനലിലേക്കുള്ള വഴി

ഫ്രാൻസ്

ഗ്രൂപ്പ് ഡി ചാമ്പ്യൻമാർ

Vs ഓസ്ട്രേലിയ 4-1

Vs ഡെൻമാർക്ക് 2-1

Vs ടുണീഷ്യ 0-1

പ്രീക്വാർട്ടർ

Vs പോളണ്ട് 3-1

ക്വാർട്ടർ

Vs ഇംഗ്ളണ്ട് 2-1

സെമിഫൈനൽ

Vs മൊറോക്കോ 2-0

സാധ്യതാ ഇലവൻ
ഫ്രാൻസ്: ലോറിസ് (ഗോളി),കൗണ്ടേ, വരാനെ,ഉപമെക്കാനൊ, ഹെർണാണ്ടസ്(ഡിഫൻഡർമാർ), ഷുവാമെെനി,റാബിയോട്ട് (ഡിഫൻസീവ് മിഡ്ഫീൽഡർമാർ), ഗ്രീസ്മാൻ,ഡെംബലെ,എംബാപ്പ,( അറ്റാക്കിംഗ് മിഡ്ഫീൽഡർമാർ) ജിറൂദ് (സ്ട്രൈക്കർ).

ശക്തികേന്ദ്രങ്ങൾ

1.കിലിയൻ എംബാപ്പെ

ചുറുചുറുക്കാണ് എംബാപ്പെയുടെ മുഖമുദ്ര. അതിവേഗത്തിൽ പന്തുമായി ഓടിക്കയറാനും ഓട്ടത്തിനിടയിൽ ഷൂട്ടുചെയ്യാനും മിടുമിടുക്കൻ. മൊറോക്കോയ്ക്ക് എതിരെ മാത്രമാണ് അൽപ്പം നിറം മങ്ങിയത്.

2. ഒളിവർ ജിറൂദ്

ഈ ലോകകപ്പിൽ ഇതുവരെ നാലുഗോളുകൾ നേടിക്കഴിഞ്ഞ സ്ട്രൈക്കർ. ബോക്സിനുള്ളിൽ ഹൈബാളുകൾ കളിക്കാനുള്ള കഴിവാണ് ജിറൂദിനെ വ്യത്യസ്തനാക്കുന്നത്. മികച്ച ഹെഡറുകളിലൂടെ ഗോൾ നേടാൻ ശ്രമിക്കുന്നു.

3.റാഫേൽ വരാനെ

ഫ്രഞ്ച് പ്രതിരോധത്തിലെ ഏറ്റവും പരിചയ സമ്പന്നൻ.സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിനൊപ്പം നിരവധി കിരീടവിജയങ്ങളിൽ പങ്കാളിയായി. നല്ല ഉയരമാണ് വരാനെയുടെ പ്ളസ് പോയിന്റ്.സെറ്റ് പീസുകളിൽ നിന്ന് ഹെഡറുകളിലൂടെ ഗോൾ നേടാനും പരിശ്രമിക്കുന്നു.

4. അഡ്രിയാൻ റാബിയോട്ട്

ഫ്രാൻസിന്റെ നിശബ്ദ പോരാളിയാണ് റാബിയോട്ട്. പ്രതിരോധനിരയ്ക്ക് തൊട്ടുമുന്നിലാണ് ഈ ഡിഫൻസീവ് മിഡ്ഫീൽഡറുടെ സ്ഥാനം. എതിരാളികളുടെ മുന്നേറ്റങ്ങൾ ബോക്സിനുള്ളിലേക്ക് കടക്കാതെ പിടിച്ചെടുക്കുകയും സ്വന്തം മുന്നേറ്റനിരയിലേക്ക് പന്തെത്തിക്കുകയുമാണ് ചുമതല.

5 ഹ്യൂഗോ ലോറിസ്

ഫ്രാൻസിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കാഡിന് ഉടമ. ഗോൾപോസ്റ്റിന് കീഴിലെ ലോറിസിന്റെ മനസാന്നിദ്ധ്യമാണ് മൊറോക്കോയ്ക്ക് എതിരായ സെമിയിൽ ഫ്രാൻസിന് വിജയം സമ്മാനിച്ചത്.

1962ൽ ബ്രസീലിന് ശേഷം തുടർച്ചയായി രണ്ട് ലോകകപ്പ് നേടുന്ന ആദ്യ ടീം എന്ന റെക്കാഡ് സ്വന്തമാക്കാനാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്.

മെസിയുടെ ലാസ്റ്റ് ചാൻസ്

1.ലയണൽ മെസിക്ക് ലോകകപ്പ് നേടി വിരമിക്കാനുള്ള അവസാന അവസരമായതിനാൽ അർജന്റീനാതാരങ്ങളെല്ലാം ഒരേമനസോടെ ,വീറോടെ പോരാടാനിറങ്ങും.

2.മെസിയുടെ മികച്ച ഫോം തന്നെയാണ് അർജന്റീനയുടെ പ്രതീക്ഷകൾക്ക് കരുത്തുപകരുന്നത്. മെസിക്ക് പരിക്കുണ്ടെന്ന റിപ്പോർട്ടുകൾ അർജന്റീനാ ക്യാമ്പ് തള്ളിക്കളഞ്ഞിട്ടുണ്ട്.

3. മത്സരത്തിൽ ഒരു ഗോൾ നേടുന്നതുവരെയുള്ള ബുദ്ധിമുട്ടേ അർജന്റീനയ്ക്കുള്ളൂ. ലീഡെടുത്തുകഴിഞ്ഞാൽ മികച്ച ആത്മവിശ്വാസത്തോ‌ടെ കളിക്കും.

4. ഡിഫൻസിൽ ലോകോത്തരതാരങ്ങൾ ഒന്നുമില്ലെങ്കിലും ക്രൊയേഷ്യയ്ക്ക് എതിരെ പുറത്തെ‌ടുത്ത സ്വീപ്പിംഗ് ഡിഫൻസ് സ്റ്റൈൽ ഫ്രാൻസിനെതിരെയും പ്രയോഗിച്ചേക്കാം.

5.മെസിക്കൊപ്പം ഒരു ടീമായി കളിക്കാൻ ജൂലിയാൻ അൽവാരസ്,മൊളീന,അക്യുന തുടങ്ങിയവർക്ക് കഴിയുന്നുണ്ട്. ഡി മരിയ,ലൗതാരോ,ഡൈബാല എന്നിവരെ അവശ്യഘട്ടങ്ങളിൽ കോച്ച് സ്കലോണി കളത്തിലിറക്കും.

ഇവർ കുന്തമുനകൾ

1. ലയണൽ മെസി

അവസാന ലോകകപ്പ് മത്സരം കിരീടവിജയത്തോടെ ആഘോഷിക്കാൻ കൊതിക്കുന്നു.ഇതുവരെ അഞ്ചുഗോളുകൾ നേടി.മൂന്നെണ്ണത്തിന് വഴിയൊരുക്കി.

2.ജൂലിയാൻ അൽവാരസ്

നാലുഗോളുകൾ ഇതുവരെ നേടിക്കഴിഞ്ഞു. മെസിക്കൊപ്പം ഓടിക്കയറാനും പാസുകൾ വാങ്ങി ഗോളാക്കാനും മിടുക്കൻ. മികച്ച ഫിനിഷർ.

3.ലിയാൻഡ്രോ പരേഡേസ്

അർജന്റീനയുടെ മദ്ധ്യനിരയിലെ തന്ത്രജ്ഞൻ. എത്രയും വേഗം മെസിയിലേക്ക് പന്തെത്തിക്കുന്നതിലാണ് ശ്രദ്ധ. മികച്ച നീക്കങ്ങൾ ആസൂതരണം ചെയ്യുന്നു.

4. നഹുവേൽ മൊളീന

പ്രതിരോധത്തിലെ മികവിനൊപ്പം മുന്നേറ്റത്തിലേക്ക് പന്തെത്തിക്കുന്നതിലും മിടുക്കനാണ് മൊളീന. ലെഫ്റ്റ് വിംഗ് ബാക്കായാണ് മൊളീന കളിക്കുന്നത്. ഇടതുവിംഗിൽ നിന്നാണ് മെസിയിലേക്ക് കൂടുതൽ പന്തെത്തുന്നത്.

5. എമിലിയാനോ മാർട്ടിനെസ്

ഹോളണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ സേവ് ചെയ്തിരുന്നു. സെമിയിൽ ക്രൊയേഷ്യയ്ക്ക് എതിരെയും കിടിലൻ സേവുകൾ നടത്തി മികച്ച ഫോമിൽ.

അർജന്റീന

കോച്ച് : ലയണൽ സ്കലോണി

ക്യാപ്ടൻ: ലയണൽ മെസി

മികച്ച പ്രകടനം : 1978ലും 1986ലും ചാമ്പ്യൻമാരായി.

ഫൈനലിലേക്കുള്ള വഴി

ഗ്രൂപ്പ് സിചാമ്പ്യൻമാർ

Vs സൗദി അറേബ്യ 1-2

Vs മെക്സിക്കോ 2-0

Vs പോളണ്ട് 2-0

പ്രീക്വാർട്ടർ

Vs ഓസ്ട്രേലിയ 2-1

ക്വാർട്ടർ

Vs ഹോളണ്ട് 2(4)-2(3)

സെമിഫൈനൽ

Vs ക്രൊയേഷ്യ 3-0

സാദ്ധ്യതാ ഇലവൻ

എമിലിയാനോ (ഗോളി), മൊളീന,തഗ്ളിയാഫിക്കോ,ഓട്ടമെൻഡി,റൊമേറോ(ഡിഫൻസ്),ഡിപോൾ, പരേഡേസ്, എൻസോ,മക് അല്ലിസ്റ്റർ(മിഡ്ഫീൽഡ്),അൽവാരസ്,മെസി.

Advertisement
Advertisement