ലക്കി ആപ്പ് ഇനി ബിൽ ലോക്കറും

Sunday 18 December 2022 4:57 AM IST

തിരുവനന്തപുരം : സംസ്ഥാന ജി. എസ്. ടി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ്പ് ഇനി ബിൽ ലോക്കറായും പ്രവർത്തിക്കും.

ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ജി.എസ്.ടി.സമ്മാനദാനചടങ്ങിൽ ലക്കി ബിൽ മൊബൈൽ ആപ്പിന്റെ പുതിയ ഫീച്ചർ അവതരിപ്പിച്ചത്. ബിൽ ലോക്കർ സൗകര്യം ലഭ്യമാകുന്നതോടെ, വാറണ്ടി അടക്കമുള്ള സേവനങ്ങൾക്ക് ആവശ്യമായ ബില്ലുകൾ ഉപയോക്താക്കൾക്ക് ലക്കി ബിൽ ആപ്പിൽ തന്നെ ഡിജിറ്റലായി സൂക്ഷിക്കാം. ആപ്പിൽ അപ്‌ലോഡ് ചെയ്യുന്ന എല്ലാ ബില്ലുകളും പിന്നീട് ഡൗൺ ലോഡ് ചെയ്യാം.

ആപ്പ് കൂടുതൽ ജനകീയമാക്കാൻ പ്രതിദിന, പ്രതിവാര, പ്രതിമാസ നറുക്കെടുപ്പ് ജില്ലകളിൽ നടത്തുന്ന പദ്ധതിയും, കൂടുതൽ ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്നവർക്കുള്ള സമ്മാനപദ്ധതിയും മൊബൈൽ ആപ്പ് പ്രചരിപ്പിക്കുന്നതിനുള്ള റഫറൽ കോഡ് സംവിധാനവും ഉൾപ്പെടുത്തി. സ്ഥിരമായി ബില്ലുകൾ അപ്‌ലോഡ് ചെയ്യുകയും നറുക്കെടുപ്പിൽ സമ്മാനം കിട്ടാത്തവർക്കുമാണ് സമ്മാനം ലഭിക്കുക. ആദ്യ നൂറ് ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്ന 500 പേർക്ക് 1,000 രൂപയുടെ ഗിഫ്റ്റ് പാക്കറ്റുകൾ ലഭിക്കും. ആദ്യ 250 ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്ന 100പേർക്ക് കെ.ടി.ഡി.സിയുടെ 10,000 രൂപയുടെ ഫാമിലി പാക്കേജ് ലഭിക്കും. ആയിരത്തിന് മുകളിൽ ബില്ലുകൾ അപ്‌ലോഡ് ചെയ്യുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ 10 പേർക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും.

പുതുവത്സര ബമ്പർ ഫെബ്രുവരി 10 ന്

ലക്കി ബിൽ മൊബൈൽ ആപ്പിന്റെ ക്രിസ്തുമസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഫെബ്രുവരി 10 ന് നടക്കും.