ലൈഫ് മിഷൻ ഗുണഭോക്തൃപട്ടിക: പുറത്തായവരെ ഉൾപ്പെടുത്താൻ തീരുമാനം
ചിറ്റില്ലഞ്ചേരി: മേലാർകോട് പഞ്ചായത്തിലെ പട്ടികജാതി വിഭാഗക്കാരുടെ ലൈഫ് പട്ടികയിൽ നിന്ന് പുറത്തായവരെ ഉൾപ്പെടുത്താൻ ഗ്രാമ പഞ്ചായത്ത് ഭരണമിതി തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര ഭരണ സമിതിയോഗമാണ് തീരുമാനമെടുത്തത്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയിൽ 68 പേരുടെ ഗുണഭോക്തൃ പട്ടിക നിലനിൽക്കെ മാനദണ്ഡങ്ങൾ പാലിക്കാതെ ക്രമം തെറ്റിച്ച് 27 പേരുടെ പുതിയ പട്ടിക തയ്യാറാക്കിയതായി കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചിരുന്നു.
ഈ പട്ടികയിലുൾപ്പെട്ട ഗുണഭോക്താക്കളുടെ യോഗം വിളിച്ചു ചേർത്തപ്പോൾ കോൺഗ്രസ് അംഗങ്ങളുടെ വാർഡുകളിലെ ഗുണഭോക്താക്കൾ ഇല്ലാതെവന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മിക്കവരെയും പട്ടികയിൽനിന്ന് ഒഴിവായതായി കണ്ടെത്തിയത്. ഇതേ തുടർന്ന് കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിൽ അവസാനനിമിഷം യോഗം മാറ്റിവെച്ചു. കോൺഗ്രസ് അംഗങ്ങൾ നൽകിയ പരാതിയിലാണ് ഭരണസമിതി അടിയന്തരമായി ഇക്കാര്യം ചർച്ചചെയ്യാൻ യോഗം വിളിച്ചത്.
ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെടാത്ത ബാക്കിയുള്ള 41 ഗുണഭോക്താക്കളുടെ അനുബന്ധരേഖകൾ വാങ്ങി വീടും സ്ഥലവും ഇല്ലാത്തവരെ പുനഃക്രമീകരിച്ചും സ്ഥലം വാങ്ങിയവരെ വീടില്ലാത്തവരുടെ പട്ടികയിലുൾപ്പെടുത്തിയും പുതിയ പട്ടിക തയ്യാറാക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വത്സലയുടെ അദ്ധ്യക്ഷതയിലായിരുന്നു യോഗം.