സന്നിധാനത്ത് പൊലീസിന്റെ നാലാം ബാച്ച് ചുമതലയേറ്റു

Sunday 18 December 2022 12:32 AM IST

ശബരിമല : സന്നിധാനത്ത് സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ നാലാമത്തെ ബാച്ച് വെള്ളിയാഴ്ച ചുമതലയേറ്റു. പുതിയതായി എത്തിയ ഉദ്യോഗസ്ഥർക്കുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്നു.

മണ്ഡലപൂജയോടനുബന്ധിച്ച് തിരക്കുവർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഭക്തർക്ക് സുഖദർശനം ഒരുക്കാൻ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ആനന്ദ്.ആർ നിർദ്ദേശം നൽകി. ഭക്തർക്കാവശ്യമായ സഹായ സഹകരണങ്ങൾ നൽകുന്നതിന് മുഴുവൻ ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. കൂടാതെ പുണ്യം പൂങ്കാവനം ഉദ്യമത്തിൽ പൊലീസുദ്യോഗസ്ഥർ പങ്കാളികളാകണമെന്നും സന്നിധാനവും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ഭക്തരെ ബോധവൽക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊടിമരം, സോപാനം, പതിനെട്ടാംപടി, മാളികപ്പുറം, നടപ്പന്തൽ, യു ടേൺ, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം എന്നിവിടങ്ങളിലും പുണ്യം പൂങ്കാവനം പദ്ധതിയുടെ നടത്തിപ്പിനുമായി ഒമ്പത് സെക്ടറുകളായി തിരിച്ചാണ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.

അസി. സ്‌പെഷ്യൽ ഓഫീസർ നിതിൻരാജ് , ഒമ്പത് ഡിവൈ.എസ്.പിമാർ, 33 സി.ഐമാർ, 93 എസ്.ഐ/ എ.എസ്.ഐ, 1200 സിവിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 1335 പാെലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലെ സേവനത്തിനായി നിയോഗിച്ചത്. പതിനെട്ടാം പടിയിലെ ഡ്യൂട്ടിക്ക് വേണ്ടി കേരള പൊലീസിന്റെ ഇന്ത്യ റിസർവ് ബറ്റാലിയനിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. എൻ.ഡി.ആർ.എഫ്, ആർ.എ.എഫ്, മറ്റു സംസ്ഥാനങ്ങളിലെ പൊലീസുകാർ, വിവിധ സുരക്ഷാ സേനകളിലെ ഉദ്യോഗസ്ഥർ എന്നിവരും ശബരിമല ഡ്യൂട്ടിക്കുണ്ട്.

Advertisement
Advertisement