ജെ.ഇ.ഇ മെയിൻ പരീക്ഷയ്ക്ക്  ഇപ്പോൾ അപേക്ഷിക്കാം

Sunday 18 December 2022 12:54 AM IST

അഖിലേന്ത്യാ തലത്തിൽ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഒഫ് ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഒഫ് ടെക്‌നോളജി മുതലായ സ്ഥാപനങ്ങളിലേക്കുള്ള ബിരുദ പ്രവേശന പരീക്ഷയായ ജോയിന്റ് എൻജിനിയറിംഗ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻ പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. ജെ.ഇ.ഇ മെയിൻ സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഒഫ് ടെക്‌നോളജി, ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി , ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഒഫ് ഫുഡ് ടെക്‌നോളജി തുടങ്ങി 100 ഓളം സ്ഥാപനങ്ങളിലേക്കുള്ള ബി.ടെക് , ഇന്റഗ്രേറ്റഡ് എം. എസ് സി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ. ജെ.ഇ.ഇ മെയിൻ പേപ്പർ 2 എ റാങ്കനുസരിച്ച് ആർക്കിടെക്ചർ ബിരുദ കോഴ്സിനും 2 ബി റാങ്കനുസരിച്ച് പ്ലാനിംഗ് ബിരുദ കോഴ്സിനും അഡ്മിഷൻ ലഭിക്കും. ജെ.ഇ.ഇ മെയിൻ മികച്ച റാങ്കനുസരിച്ച് രണ്ടര ലക്ഷം വിദ്യാർത്ഥികൾക്ക് ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷ എഴുതാൻ യോഗ്യത ലഭിക്കും. ജെ.ഇ.ഇ അഡ്വാൻസ്ഡ് റാങ്ക്ലിസ്റ്റിൽ നിന്നാണ് ഐ.ഐ.ടി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം.

വർഷത്തിൽ രണ്ടു തവണയായി ജനുവരി, ഏപ്രിൽ മാസങ്ങളിൽ പരീക്ഷ നടക്കും. ജനുവരിയിലെ പരീക്ഷയ്ക്ക് ജനുവരി 12 വരെയും ഏപ്രിലിലെ പരീക്ഷയ്ക്ക് മാർച്ച് 7 വരെയും അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് ജെ.ഇ.ഇ മെയിൻ പരീക്ഷ നടത്തുന്നത്. പരീക്ഷയിൽ പേപ്പർ 1, 2 എ, 3 ബി വിഭാഗങ്ങളുണ്ട്. ബി.ടെക്കിന് പേപ്പർ ഒന്നും, 2 എ, 2 ബി സ്‌കോറുകൾ യഥാക്രമം ബി. ആർക്കിനും ബി. പ്ലാനിംഗിനും ആവശ്യമാണ്. പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മൂന്നു മണിക്കൂർ സമയത്തെ രണ്ടു പേപ്പറുകൾ പരീക്ഷയ്ക്കുണ്ടാകും. സെക്ഷൻ എ യിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയിൽ നിന്നും 30 വീതം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും സെക്ഷൻ ബി യിൽ നിന്നും 10 ന്യൂമെറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളുമുണ്ടാകും.ഇതിൽ 5 ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.

ബി. ആർക്കിന് പേപ്പർ 2 എയിൽ മൂന്ന് വിഭാഗങ്ങളുണ്ട്. മാത്തമാറ്റിക്സ് ഉൾപ്പെടുന്ന പാർട്ട് ഒന്നിൽ 20 ഉത്തരമെഴുതേണ്ട മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും 10 ന്യൂമെറിക്കൽ ഉത്തര ചോദ്യങ്ങളുമുണ്ടാകും. ഇതിൽ 5 ചോദ്യങ്ങൾക്ക് ഉത്തരമെഴുതിയാൽ മതി. പാർട്ട് 2 അഭിരുചി പരീക്ഷയിൽ 50 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. മൂന്നാം പാർട്ടിൽ ബി ആർക്കിന് ഡ്രോയിംഗ് ടെസ്റ്റും( 50 മാർക്ക് വീതമുള്ള രണ്ടു ചോദ്യങ്ങൾ), പ്ലാനിംഗിന് 25 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുമുണ്ടാകും.

ജെ.ഇ.ഇ മെയിൻ പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. www. jeemain.nta.nic.in.

Advertisement
Advertisement