കേരളത്തിലേക്ക് ട്രെയിൻ ടിക്കറ്റില്ല,​ സ്പെഷ്യലുമില്ല, മലയാളികളെ വെയ്റ്റിംഗ് ലിസ്റ്റിലാക്കി റെയിൽവേ

Sunday 18 December 2022 1:01 AM IST

മലപ്പുറം: കേരളത്തിലേയ്ക്കുള്ള ട്രെയിനുകളിൽ ടിക്കറ്റ് ഇല്ല.മലയാളികൾ ക്രിസ്‌മസിനും പുതുവത്സരത്തിനും നാട്ടിലെത്താൻ പാടുപെടും. ഡൽഹി,​മുംബായ്,​ചെന്നൈ,​ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിനുകളിലൊന്നിലും ഈ മാസം കൺഫേം ടിക്കറ്റില്ല. ബംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളിൽ സ്ലീപ്പറിൽ 200ന് മുകളിലാണ് വെയ്റ്റിംഗ് ലിസ്റ്റ്.മറ്റിടങ്ങളിൽ 100ന് മുകളിലും.എന്നാൽ ഉയർന്ന നിരക്ക് നല്കേണ്ട തത്കാൽ,​പ്രീമിയം തത്കാൽ ടിക്കറ്റുകളുണ്ട്.ശീതകാല സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നത് വൈകുന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.ഇതവസരമാക്കി അന്തർസംസ്ഥാന സ്വകാര്യബസുകളുടെയും വിമാനടിക്കറ്റ് നിരക്കും കുത്തനെ കൂട്ടിയിട്ടുണ്ട്.ക്രിസ്മസ്,​ശബരിമല,​ടൂറിസം സീസണുകൾ ഒത്തുചേർന്നതോടെ കേരളത്തിലേയ്ക്കുള്ള യാത്രക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും നീക്കിയശേഷമുള്ള ആദ്യടൂറിസം സീസൺ കൂടിയാണിത്.

എങ്ങനെ നാട്ടിലെത്തും ഡൽഹിയിൽ നിന്നുള്ള കേരള എക്‌സ്‌പ്രസ്,മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസ്,എറണാകുളം തുരന്തോ എക്‌സ്‌പ്രസ്,കൊച്ചുവേളി എക്‌സ്‌പ്രസ്,കേരള സമ്പർക് ക്രാന്തി എക്‌സ്‌പ്രസ്,നിസാമുദ്ദീൻ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്,ഹിമസാഗർ എക്‌സ്‌പ്രസ്,മില്ലേനിയം എക്‌സ്‌പ്രസ്,സ്വർണജയന്തി എക്‌സ്‌പ്രസ് എന്നിവയിലൊന്നും കൺഫേം ടിക്കറ്റില്ല.മുംബായിൽ നിന്നുള്ള ഒരു ട്രെയിനിലും ടിക്കറ്റില്ല. മുംബായിൽ നിന്ന് മംഗളൂരുവിലേയ്ക്ക് അനുവദിച്ച സ്പെഷ്യൽ കേരളത്തിലേയ്ക്ക് കൂടി നീട്ടണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ബംഗളൂരുവിൽ നിന്നുള്ള കന്യാകുമാരി എക്‌സ്‌പ്രസ്,എറണാകുളം എക്‌സ്‌പ്രസ്,യശ്വന്ത്പൂർ എക്‌സ്‌പ്രസ്,കൊച്ചുവേളി എക്‌സ്‌പ്രസ് എന്നിവയിലും സീറ്റില്ല.ഇന്ന് മുതൽ ചെന്നൈ,​വിജയപുര എന്നിവിടങ്ങളിൽ നിന്ന് കൊല്ലംവരെ കൂടുതൽ ശബരിമല സ്പെഷ്യൽ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നതാണ് ഏക ആശ്വാസം.എന്നാൽ മറ്റിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ടിക്കറ്റില്ലാതെ വലയുന്നുണ്ട്.