പകൽ വെളിച്ചത്തിലും കാട്ടുപന്നി, പേടിയോടെ പ്രമാടം

Sunday 18 December 2022 12:08 AM IST

പ്രമാടം : ഇരുളിന്റെ മറ വിട്ട് പകൽ വെളിച്ചത്തിലും കാട്ടുപന്നികൾ നാട്ടിൽ വിരഹിക്കാൻ തുടങ്ങിയതോടെ പ്രമാടം ഗ്രാമം ഭീതിയിൽ. ജില്ലാ ആസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശത്ത് പട്ടാപ്പകൽ പോലും പന്നികൾ നാട്ടിൽ ഇറങ്ങി സ്വൈര്യവിഹാരം നടത്തിയിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല.

കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് പ്രമാടം അമ്പല ജംഗ്ഷനിൽ മൂന്ന് പന്നികൾ ഒരേ സമയം എത്തിയിരുന്നു. ക്ഷേത്രത്തിൽ ചിറപ്പുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിച്ചപ്പോഴാണ് ഇവ കൂട്ടത്തോടെ റോഡിൽ എത്തിയത്. ഇന്നലെ പകലും ഇതിന് സമീപത്തായി കുഞ്ഞുങ്ങളുമായി പന്നി റോഡ് മുറിച്ചുകടന്നു. ദിവസങ്ങൾക്ക് മുമ്പ് സ്കൂൾ ജംഗ്ഷന് സമീപവും പന്നികൾ പട്ടാപ്പകൽ നാട്ടിൽ ഇറങ്ങിയിരുന്നു.

സ്കൂൾ കുട്ടികൾക്ക് നേരെ ആക്രമണം ഉണ്ടായി. നേരത്തെ രാത്രികാലങ്ങളിൽ മാത്രമായിരുന്നു പ്രദേശത്ത് കാട്ടുപന്നി ശല്യം ഉണ്ടായിരുന്നത്. ഇപ്പോൾ പകൽ സമയങ്ങളിലും പന്നി ശല്യം രൂക്ഷമാണ്. നാട്ടിൽ ഭീതി ഉണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തിന് അധികാരം നൽകയിട്ടുണ്ടെങ്കിലും ഇവിടെ നടപടികൾ പ്രഹസനമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്തെ റബർ തോട്ടങ്ങളിലും തരിശ് ഭൂമിയിലുമാണ് ഇവയുടെ ആവാസകേന്ദ്രം. തോട്ടങ്ങളിലെ അടിക്കാട് തെളിക്കുന്നതിനും തരിശ് പറമ്പുകളിലെ കാട് തെളിക്കുന്നതിനും ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Advertisement
Advertisement