സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന് തുടക്കം , കേരള ബദൽ തകർക്കാൻ ഗൂഢശ്രമം: തപൻസെൻ

Sunday 18 December 2022 12:30 AM IST

കോഴിക്കോട് : കേന്ദ്രത്തിന്റെ കോർപ്പറേറ്റ് നയങ്ങൾക്ക് ബദലൊരുക്കുകയും ക്ഷേമപ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയും ചെയ്യുന്ന കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിന്റെ ബദൽ സാമ്പത്തിക നയത്തെ തകർക്കാനുള്ള ശ്രമം നടക്കുകയാണെന്ന് സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ പറഞ്ഞു. സി.ഐ.ടി.യുവിന്റെ 15-ാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ (കാട്ടാക്കട ശശി നഗർ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ 86 ലക്ഷത്തിലധികം പേർക്കാണ് എൽ.ഡി.എഫ് സർക്കാർ ക്ഷേമമെത്തിക്കുന്നത്. അസംഘടിത തൊഴിലാളികളടക്കം ഇതിന്റെ ഗുണഭോക്താക്കളായിരിക്കെ വിഭവ സമാഹരണത്തിനുള്ള മാർഗങ്ങൾ കേന്ദ്രം തടയുകയാണ്. ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ പ്രചാരണവും പ്രക്ഷോഭവും ഉയർന്നുവരണം. കുത്തകകളുടെ കോടികൾ എഴുതിത്തള്ളുന്ന കേന്ദ്രം സാധാരണക്കാരനെ കണ്ടില്ലെന്നു നടിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിച്ച് സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്നു. തൊഴിലാളികളുടെ ഐക്യം തകർക്കാൻ കാവിവത്ക്കരണവുമായി മുന്നോട്ടുപോവുകയാണ്. തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഇതര തൊഴിലാളി സംഘടനകളുമായി ചേർന്ന് ഐക്യനിര കെട്ടിപ്പടുക്കാൻ സി.ഐ.ടി.യു മുൻകൈയെടുക്കുമെന്നും തപൻ സെൻ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തിയതോടെയാണ് മൂന്നുദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമായത്. ഉദ്ഘാടന സമ്മേളനത്തിൽ ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ. രാജീവൻ, എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. പങ്കജാക്ഷൻ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ചെയർമാൻ ടി.പി. രാമകൃഷ്ണൻ എം.എൽ.എ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി. നന്ദകുമാർ വരവു ചെലവ് കണക്കും അവതരിപ്പിച്ചു. ഉച്ചയ്ക്കു ശേഷം പ്രവർത്തന റിപ്പോർട്ടിന്മേൽ തുടങ്ങിയ ചർച്ച ഇന്നും തുടരും. 604 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

അഖിലേന്ത്യ പ്രസിഡന്റ് ഡോ. കെ .ഹേമലത, വൈസ് പ്രസിഡന്റ് എ. കെ. പത്മനാഭൻ, സെക്രട്ടറി ആർ. കരുമലയൻ എന്നിവരും പങ്കെടുക്കുന്നു. രണ്ടു ലക്ഷം പേർ അണിനിരക്കുന്ന റാലിയോടെ സമ്മേളനം നാളെ സമാപിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന പൊതുസമ്മേളനം കോഴിക്കോട് കടപ്പുറത്ത് എം. വാസു നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Advertisement
Advertisement