രാഹുൽ ഗാന്ധിക്കായി മലനട ക്ഷേത്രത്തിൽ അൻപൊലിപ്പറ

Sunday 18 December 2022 12:57 AM IST

കുന്നത്തൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിയുടെ പേരിൽ ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ കൊല്ലം പോരുവഴി പെരുവിരുത്തി മലനടയിൽ വഴിപാടായി അൻപൊലിപ്പറ.

രാഹുൽ ഗാന്ധിയുടെ ആയുരാരോഗ്യത്തിനും രാജ്യത്ത് കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുന്നതിനും വേണ്ടിയാണ് അൻപൊലിപ്പറ സമർപ്പണം നടത്തിയത്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന പള്ളിപ്പാന മഹാകർമ്മത്തിന്റെ ഭാഗമായി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടയ്ക്കാട് കരയുടെ പറയിടീൽ ചടങ്ങിനോട് അനുബന്ധിച്ച് ഇടയ്ക്കാട് വടക്ക് ഉമ്മാശേരിൽ അമ്മൂമ്മക്കാവ് ദേവീക്ഷേത്രത്തിൽ നിന്ന് ഇന്നലെ രാവിലെ പറ ആരംഭിച്ചപ്പോഴാണ് അൻപൊലിപ്പറ സമർപ്പണം നടന്നത്.

ക്ഷേത്രം ഊരാളി കൃഷ്ണൻ പറ സമർപ്പണം നടത്തി. രാഹുൽ ഗാന്ധി, തൃക്കേട്ട, ഭാരത് ജോഡോ യാത്ര എന്ന പേരിൽ രസീത് എഴുതിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ഇടയ്ക്കാട് രതീഷ് പറ സമർപ്പിച്ചത്. 'ഭാരത് ജോഡോ യാത്ര'യുടെ 101-ാം ദിനത്തിലാണ് പറസമർപ്പണം നടത്തിയത്. നാളെ പറയിടീൽ സമാപിക്കും. 2023 ഫെബ്രുവരി 24 മുതൽ മാർച്ച് 7 വരെയാണ് പള്ളിപ്പാന.

Advertisement
Advertisement