ബാങ്ക് ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുഹൃത്ത് കൈക്കലാക്കിയത് 30 പവനും ലക്ഷങ്ങളും

Sunday 18 December 2022 1:26 AM IST

പത്തനാപുരം: വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത സ്വകാര്യ ബാങ്ക് അസി. മാനേജരായ യുവതിയിൽ നിന്ന് സുഹൃത്ത് പലതവണയായി കൈക്കലാക്കിയത് 30 പവനും ലക്ഷക്കണക്കിന് രൂപയും.

ബംഗളൂരുവിൽ ഐ.ടി കമ്പനിയിൽ സീനിയർ അഡ്മിനിസ്ട്രേറ്ററും ബാങ്ക് ഐ.ടി സപ്പോർട്ടറുമായ അഞ്ചൽ അഗസ്ത്യക്കോട് സ്വദേശി വി.മുഗേഷാണ് (39) അറസ്റ്റിലായത്. ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന മുഗേഷ് വിവാഹ വാഗ്ദാനം നൽകി യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. എന്നാൽ സ്വർണവും പണവും കൈക്കലാക്കിയശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറി.

യുവതി താമസിച്ചിരുന്ന പത്തനാപുരം ജനത ജംഗ്ഷനിലെ വാടക വീട്ടിൽ ഒക്ടോബർ 30നാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്ന നിലയിൽ എഴുതി തള്ളിയ കേസിൽ പൊലീസിനുണ്ടായ സംശയങ്ങളാണ് തുടരന്വേഷണത്തിന് കാരണമായത്. ഡയറിയിൽ രേഖപ്പെടുത്തിയ മരണമൊഴിയിൽ മുഗേഷ് പണവും സ്വർണവും കൈക്കലാക്കിയെന്ന് സൂചിപ്പിച്ചിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിലെ മെസേജുകൾ വീണ്ടെടുത്താണ് പ്രതിയിലേക്ക് എത്തിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മുഗേഷ് കുറ്റം സമ്മതിച്ചു. 30 പവനും യുവതിയുടെ ലാപ്ടോപ്പും മുഗേഷിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. അക്കൗണ്ടിലൂടെയാണ് പണം കൈമാറിയത്. ഇതിന്റെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പുനലൂർ ഡിവൈ.എസ്.പി ബി.വിനോദ് പറഞ്ഞു. പത്തനാപുരത്ത് വാടക വീട് സംഘടിപ്പിച്ച് നൽകിയതും മുഗേഷാണ്. ഇവിടെ പല ദിവസങ്ങളിലും മുഗേഷ് വരാറുണ്ടായിരുന്നതായും നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മുഗേഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement