പ്രേതാലയമായി ചിറ്റൂർ ഷുഗർമിൽ

Wednesday 21 December 2022 12:47 AM IST

ചിറ്റൂർ: ഒരു കാലത്ത് പ്രൗഢ ഗംഭീരമായി തലയുയർത്തി നിന്നിരുന്ന ചിറ്റൂർ ഷുഗർ മില്ലിന്റെ കോമ്പൗണ്ട് ഇന്നൊരു ശവപറമ്പിന്റെ പ്രതീതിയാണ്. 110 ഏക്കറിൽ പരന്നു കിടക്കുന്ന സ്ഥലമാകെ കാടുപിടിച്ച അവസ്ഥയിലാണ്. കെട്ടിടങ്ങൾ പലതും തകർന്നടിഞ്ഞു.കരിമ്പ് കർഷകർ പടുത്തുയർത്തിയ ഷുഗർമിൽ സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറി. കേരളത്തിലേയും തമിഴ്നാട്ടിലേയും നിരവധി കർഷകർ ചേർന്ന് 1965 ൽ രൂപീകരിച്ച ചിറ്റൂർ കോ ഓപ്പറേറ്റീവ് ഷുഗേഴ്സ് അന്യസംസ്ഥാന ഷുഗർ കമ്പനികളെ കവച്ചുവയ്ക്കുന്നതും കർഷകരുടെ നട്ടെല്ലുമായിരുന്നു. മൂന്നു ഷിഫ്റ്റുകളിലായി ആയിരകണക്കിന് തൊഴിലാളികളാണ് ഇവിടെ പണിയെടുത്തിരുന്നത്. ആഡംബര രീതിയിലുള്ള ഓഫീസ് മന്ദിരങ്ങൾ, ഗസ്റ്റ് ഹൗസ്, കമ്പനി തൊഴിലാളികൾക്കായി 300 ഓളം ക്വാർട്ടേഴ്സുകൾ, ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, വിവാഹ മണ്ഡപം, ഓപ്പൻ സ്റ്റേജ്, മൈതാനം, ക്ഷേത്രം എന്നിങ്ങനെയുള്ള എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. ഇന്ന് നാമമാത്രമായ ക്വാർട്ടേഴ്സുകൾ ഒഴികെ മറ്റെല്ലാം ജീർണിച്ചും തകർന്നടിഞ്ഞും നിലം പൊത്തി കിടക്കുകയാണ്.

കരിമ്പുകൃഷി കുറഞ്ഞതോടെയാണ് കമ്പനി തകർച്ചയിലേക്കു കൂപ്പുകുത്തിയത്. പിന്നീട് സർക്കാർ ഏറ്റെടുത്ത് മലബാർ ഡിസ്റ്റിലറിയാക്കി. ചാരായ നിർമ്മാണം, കാലിത്തീറ്റ നിർമ്മാണം തുടങ്ങിയവയെല്ലാം ഇവിടെ നടത്തിയിരുന്നെങ്കിലും കരകയറാനായില്ല. ഇതോടെ തൊഴിലാളികൾ വി.ആർ.എസ് എടുത്ത് ക്വാർട്ടേഴ്സുകൾ ഒഴിഞ്ഞുതുടങ്ങി. ക്വാർട്ടേഴ്സുകളിൽ ആൾപാർപ്പില്ലാതായതോടെ ഇവിടത്തെ വീട്ടുപകരണങ്ങളും ഫർണിച്ചറുകളും ആളുകൾ കൊണ്ടുപോയി. എന്തിനേറെ കോടികണക്കിനു രൂപയുടെ യന്ത്രസാമഗ്രികളും കമ്പനിയിൽ നിന്നും അപ്രത്യക്ഷമായി. കമ്പനിക്കത്ത് നൂറുകണക്കിന് കായ്ക്കുന്ന തെങ്ങുകൾ, മാവ്, പ്ലാവ്, കശുവണ്ടി, പുളി തുടങ്ങിയ നിരവധി ഫലവൃക്ഷങ്ങൾ ഉണ്ട്. ഇത് ഓരോ സീസണിലും ലേലം ചെയ്താൽ സർക്കാറിനു വരുമാന മാർഗമാണ്. പക്ഷെ ഇതെല്ലാം ആളുകൾ കൊണ്ടുപോകുന്നു. ഇതൊന്നും കാണാനും കേൾക്കാനും നിയന്ത്രിക്കാനും സർക്കാറിനു കഴിയുന്നില്ല.

ഇപ്പോൾ കുറഞ്ഞ വിലയ്ക്കുള്ള വിദേശമദ്യ നിർമ്മാണത്തിന് കമ്പനിയുടെ ഒരുഭാഗം ഉപയോഗപ്പെടുത്താൻ സർക്കാർ തയ്യാറെടുക്കുകയാണ്. എന്നാലും ചിറ്റൂർ മലബാർ സിസ്റ്റിറ്റിലറി കോമ്പൗണ്ടിനകത്ത് നിരവധി സ്ഥാപനങ്ങൾക്ക് സാദ്ധ്യതകൾ ഉണ്ട്. അത് മുഴുവൻ പ്രയോജനപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.