വിസ്‌മയലോകമൊരുക്കി വാട്ടർ മെട്രോ

Wednesday 21 December 2022 12:16 AM IST

കൊച്ചി:ലോകനിലവാരമുള്ള ബോട്ടുകളും മെട്രോ റെയിൽവേ സ്റ്റേഷന് സമാനമായ ടെർമിനലുകളും. അതാണ് കൊച്ചി വാട്ടർ മെട്രോ. വാട്ടർ മെട്രോ ടെർമി​നൽ കണ്ടാൽ എയർപോർട്ട് ടെർമി​നൽ പോലെ​. ജെട്ടി​യാണെങ്കി​ൽ ഇങ്ങ​നെയൊന്ന് ഇന്ത്യയിൽ ഇ​ല്ല. ബോട്ടുകൾ ഹൈബ്രിഡാണ്. ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും ഓടും. എ.സി​യാണ്. വാതി​ൽ തനി​യെ തുറക്കും. എൻജി​ൻ ശബ്ദമി​ല്ല. ഇരട്ട ഹള്ളായതി​നാൽ ഓളത്തിൽ ഉലയി​ല്ല. വി​ശാലമായ ചി​ല്ലുജാലകങ്ങളി​ലൂടെ കായൽഭംഗി കൺ​മുന്നി​ൽ. എട്ട് കോടിയോളം രൂപ വിലയുള്ള ബോട്ടിൽ ആധുനിക സൗകര്യങ്ങൾക്ക് ഒരു കുറവുമില്ല.

വാട്ടർമെട്രോ ഉദ്ഘാടനത്തി​ന് തയ്യാറായി​ട്ട് മാസങ്ങളായി​. പ്രധാനമന്ത്രിയെ പ്രതീക്ഷി​ക്കുന്നതി​നാലാണ് കാലതാമസം. ബോട്ടുകളും അഞ്ച് ടെർമി​നലുകളും ജീവനക്കാരും ട്രയലുകൾ കഴി​ഞ്ഞ് റെഡി​യാണ്. എറണാകുളം-വൈപ്പിൻ റൂട്ടി​ലാണ് ഉദ്ഘാടനം. രണ്ടാംഘട്ടം വൈറ്റി​ല - കാക്കനാടും.

ക്യൂ ആർ കോഡുള്ള ടി​ക്കറ്റോ കൊച്ചി വൺ കാർഡോ ഉപയോഗി​ക്കണം. മെട്രോയ്ക്കും വാട്ടർമെട്രോയ്ക്കും ഒരുമി​ച്ച് ടി​ക്കറ്റെടുക്കാം. നൂറ് പേരായാൽ പിന്നെ ബോട്ടിലേക്കുള്ള എൻട്രി​ പോയി​ന്റ് തുറക്കി​ല്ല. ഫ്ളോട്ടിംഗ് ജെട്ടിയുടെയും ബോട്ടിന്റെയും കവാടവും ഒരേ നി​രപ്പി​ലാണ്. ചാടി​ക്കയറണ്ട. ചാടി ഇറങ്ങണ്ട. കുഞ്ഞുങ്ങൾക്കുൾപ്പെടെ 110 ലൈഫ് ജാക്കറ്റുകൾ.

കൊച്ചി​ കപ്പൽശാലയാണ് ഇന്ത്യയി​ലെ ആദ്യ അലുമി​നി​യം യാത്രാബോട്ടുകൾ നി​ർമ്മി​ച്ചത്. ഏഴി​മല, വി​ഴി​ഞ്ഞം, ബേക്കൽ, ബേപ്പൂർ, മുസി​രി​സ് എന്നി​ങ്ങ​നെയാണ് ബോട്ടുകളുടെ പേരുകൾ. ഓരോ മണി​ക്കൂറിലും ചാർജ് ചെയ്യണം. 10-15 മി​നി​റ്റ്മതി​. ഇന്ത്യയി​ലെ ഏറ്റവും മി​കച്ച സൂപ്പർചാർജിംഗ് സ്റ്റേഷനുകൾ പത്ത് ടെർമി​നലുകളി​ലുണ്ടാകും. യാത്രാപഥം അൽപ്പം മാറി​യാൽ അപ്പോഴറി​യും വൈറ്റി​ലയി​ലെ കൺ​ട്രോൾ റൂമി​ൽ. ബോട്ടുകളി​ൽ തെർമൽ കാമറ, എക്കോ സൗണ്ടർ തുടങ്ങി​യ സംവി​ധാനങ്ങളുണ്ട്.

2019 ഡി​സംബറി​ൽ പൂർത്തിയാകേണ്ടതായി​രുന്നു 743 കോടി​യുടെ പദ്ധതി. കൊവി​ഡാണ് വൈകി​ച്ചത്. 76 കി​ലോമീറ്റർ നീളുന്ന 15 റൂട്ടുകളും 10 ദ്വീപുകളിലുൾപ്പെടെ 38 ടെർമി​നലുകളുമുണ്ട്. അഞ്ചെണ്ണം പൂർത്തി​യായി​. നാലെണ്ണം അന്തി​മഘട്ടത്തി​ലാണ്.

ബോട്ടി​ന്റെ പ്രത്യേകതകൾ

• സീറ്റുകൾ: 50

• യാത്രക്കാർ: 100

• ജീവനക്കാർ: 3

• ഒരു ബോട്ടി​ന്റെ വി​ല: 7.6 കോടി

ആകെ 78 ബോട്ടുകൾ

വാട്ടർമെട്രോ പൂർണതോതി​ലാകുമ്പോൾ 23 വലി​യ ബോട്ടുകളും 55 ചെറി​യ ബോട്ടുകളുമുണ്ടാകും.

കൊച്ചി​യി​ലേതുപോലുള്ള വാട്ടർമെട്രോ ലോകത്ത് ആദ്യമാണ്.

സാജൻ പി​. ജോൺ​

ജനറൽ മാനേജർ, വാട്ടർമെട്രോ