കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റ സംഭവം; നിർമ്മാണ കരാറുകാരൻ അറസ്‌റ്റിൽ

Tuesday 20 December 2022 10:12 PM IST

ഇടുക്കി: മുന്നറിയിപ്പ് ബോർഡുകളില്ലാതെ വഴിയ്‌ക്ക് കുറുകെ കെട്ടിയിരുന്ന കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റ സംഭവത്തിൽ കരാറുകാരൻ പിടിയിൽ. തൊടുപുഴയിൽ കാരിക്കോട് തെക്കുംഭാഗം റോഡ് നിർമ്മാണ കരാറുകാരനായ നസീർ പി.മുഹമ്മദാണ് അറസ്‌റ്റിലായത്. തൊടുപുഴയിലാണ് ഇന്ന് സംഭവമുണ്ടായത്. കാരിക്കോട് തെക്കുംഭാഗത്ത് കുരിശുപള‌ളിക്ക് സമീപം പൊതുമരാമത്ത് പണി നടത്താനാണ് അശ്രദ്ധമായി റോഡിന് കുറുകെ കയർ കെട്ടിയത്. ഈ സമയം ആവഴി വന്ന സ്‌കൂട്ട‌ർ യാത്രികൻ ജോണി അതിൽ കുരുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ സഹായത്തിനായി നിലവിളിച്ചതോടെ നാട്ടുകാരെത്തി രക്ഷിക്കുകയായിരുന്നു.

തൊടുപുഴ പൊലീസ് അറസ്‌റ്റ് ചെയ്‌ത നസീറിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ നിർമ്മാണ ചുമതലയുള‌ള പൊതുമരാമത്ത് അസിസ്‌റ്റന്റ് എഞ്ചിനീയർക്കെതിരെ കേസെടുത്തിട്ടുണ്ട്. ജോണി നൽകിയ പരാതിയിൽ കരാറുകാരനെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാൽ അപകടം നടന്നിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥരാരും സ്ഥലത്ത് എത്തിയതേയില്ല.