സ​ർ​ഗാ​ല​യ​ ​ക​ലാ​ ​ ക​ര​കൗ​ശ​ല​മേളയ്ക്ക് നാളെ തുടക്കം

Wednesday 21 December 2022 12:02 AM IST
sargaalaya

കോഴിക്കോട് : പത്താമത് സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള നാളെ മുതൽ ജനുവരി 9 വരെ നടക്കും. 22 ന് വൈകീട്ട് നാലു മണിക്ക് പൊതുമരാമത്ത് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് മേള ഉദ്ഘാടനം ചെയ്യുമെന്ന് കാനത്തിൽ ജമീല എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ബംഗ്ലാദേശ്, ജോർദാൻ, കിർഗിസ്ഥാൻ, നേപ്പാൾ, സിറിയ, താജിക്കിസ്ഥാൻ, തായ്‌ലാൻഡ്, മൗറീഷ്യസ്, ഉസ്‌ബെക്കിസ്ഥാൻ, ലെബനൻ തുടങ്ങി പത്തിൽപരം രാജ്യങ്ങളിലെ കരകൗശല വിദഗ്ധർ മേളയിൽ പങ്കെടുക്കും. 26 സംസ്ഥാനങ്ങളിൽ നിന്നും 500 ൽ പരം കരകൗശല വിദഗ്ദ്ധർ മേളയുടെ ഭാഗമാവും. മേളയിൽ വിദേശ വിനോദ സഞ്ചാരികൾ ഉൾപ്പെടെ രണ്ട് ലക്ഷത്തിൽപരം സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

19 ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ വിവിധ വിഭാഗങ്ങളിലായി 236 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. വാഹന പാർക്കിംഗ് ഗതാഗത സൗകര്യം എന്നിവയ്ക്ക് പ്രത്യേക സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന പ്രവൃത്തി പരിചയ വിജയികളായ വിദ്യാർത്ഥികൾക്ക് മേളയിൽ പങ്കെടുക്കാനും സർഗശേഷി പരിപോഷിപ്പിക്കുന്നതിനും അവസരമൊരുക്കും. ഈ അദ്ധ്യയന വർഷം നടത്തിയ ശാസ്ത്രമേളയിലെ വർക്ക് എക്‌സ്പീരിയൻസ് ഓൺ ദ സ്‌പോട്ട് വിഭാഗത്തിലെ ക്രാഫ്റ്റുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട 19 ഇനങ്ങളിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ കുട്ടികൾക്കാണ് അവസരം. ഇവർ നിർമ്മിച്ച ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിദഗ്ദ്ധരുമായി സംവദിക്കുന്നതിനും മേളയിൽ സൗകര്യമുണ്ടാവും. പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സർഗാലയയും ചേർന്നാണ് വിദ്യാർത്ഥികൾക്ക് ഈ അവസരമൊരുക്കുന്നത്.

മിനിസ്ട്രി ഒഫ് ടെക്സ്റ്റൈൽസ് ഡവലപ്പ്‌മെന്റ് കമ്മിഷണർ ഓഫ് ഹാൻഡി ക്രാഫ്ട്‌സ് ഒരുക്കുന്ന ക്രാഫ്റ്റ് ബസാർ, നബാർഡ് ക്രാഫ്റ്റ് പവിലിയൻ, വിദേശ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഒരുക്കുന്ന ഇന്റർനാഷണൽ ക്രാഫ്റ്റ് പവിലിയൻ, കേരള ഫുഡ് ഫെസ്റ്റ്, ഉസ്‌ബെക്കിസ്ഥാൻ ഫുഡ് ഫെസ്റ്റ്, അമ്യൂസ്‌മെന്റ് റൈഡുകൾ, കലാപരിപാടികൾ, ബോട്ടിംഗ്, കളരി പവിലിയൻ, മെഡിക്കൽ എക്‌സിബിഷൻ എന്നിവ മേളയെ ആകർഷകമാകും.

കേന്ദ്ര ടൂറിസം വകുപ്പ്, ടെക്സ്റ്റൈൽസ് ഡവലപ്പ്‌മെന്റ് കമ്മിഷണർ ഒഫ് ഹാൻഡി ക്രാഫ്ട്‌സ്, നബാർഡ്, കേരള സർക്കാർ, വിനോദ സഞ്ചാര വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് (സമഗ്രശിക്ഷാ കേരളം) എന്നിവയുടെ നേതൃത്വത്തിലാണ് ക്രാഫ്റ്റ് മേള സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ സർഗാലയ എക്‌സിക്യുട്ടീവ് ഓഫീസർ പി.പി.ഭാസ്‌കരൻ, ജനറൽ മാനേജർ ടി.കെ.രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജർ എം.ടി.സുരേഷ് ബാബു, ഫെസ്റ്റിവൽ കോഓർഡിനേറ്റർ കെ.കെ.ശിവദാസൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement