ഫാറ്റിലിവറിനെ ചെറുക്കാൻ കടൽപ്പായൽ ഔഷധം

Wednesday 21 December 2022 1:31 AM IST

കൊച്ചി: നോൺആൽക്കഹോളിക് ഫാറ്റിലിവറിനെ ചെറുക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) കടൽപ്പായലിൽ നിന്ന് വികസിപ്പിച്ച പ്രകൃതിദത്ത ഉത്പന്നം വിപണിയിലേയ്ക്ക്. കടൽമീൻ ലിവ്ക്യവർ എക്‌സ്ട്രാക്ട് എന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉത്പന്നം വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിനും വിപണിയിലെത്തിക്കുന്നതിനും സ്വകാര്യ കമ്പനിയായ എമിനിയോടെക്കുമായി സി.എം.എഫ്.ആർ.ഐ ധാരണയിലെത്തി.

ഉത്പന്നത്തിന്റെ സാങ്കേതികവിദ്യ കൈമാറാനുള്ള ധാരണാപത്രത്തിൽ സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ ഒപ്പുവച്ചു.

പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തസമ്മർദ്ദം, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാൻ സി.എം.എഫ്.ആർ.ഐ വികസിപ്പിച്ച ന്യൂട്രാസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ സ്വകാര്യ കമ്പനികൾ വഴി വിപണിയിലെത്തിച്ചിട്ടുണ്ട്.

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പുകൾ നിയന്ത്രണവിധേയമാക്കുന്നതിനും ഉത്പന്നം സഹായിക്കുമെന്ന് ഡോ.എ. ഗോപാലകൃഷ്ണൻ പറഞ്ഞു. പൂർണമായും പ്രകൃതിദത്ത ചേരുവകൾ ഉപയോഗിക്കുന്നതിനാൽ പാർശ്വഫലങ്ങളില്ലെന്നത് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ആരോഗ്യസംരക്ഷണ രംഗത്ത് കടൽപ്പായലുകൾക്കുള്ള അനന്തസാദ്ധ്യതകൾ മനസിലാക്കി കൃഷി വൻതോതിൽ വികസിപ്പിക്കുന്നതിന് നടപടികൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കാജൽ ചക്രബർത്തിയാണ് ഉത്പന്നം വികസിപ്പിച്ചത്.

നാല് മാസത്തിനകം വിപണിയിലെത്തും.

Advertisement
Advertisement