ഗ്രേസ് മാർക്ക് പുനഃസ്ഥാപിക്കും: വി. ശിവൻകുട്ടി

Wednesday 21 December 2022 12:00 AM IST

തിരുവനന്തപുരം: അക്കാഡമികേതര പ്രവർത്തനങ്ങളിൽ മികവുകാട്ടുന്ന വിദ്യാർത്ഥികൾക്കു നൽകിയിരുന്ന ഗ്രേസ്‌ മാർക്ക് പുനഃസ്ഥാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ വർഷം ഗ്രേസ് മാർക്ക് അനുവദിച്ചിരുന്നില്ല. ഗ്രേസ് മാർക്ക് വിതരണത്തിൽ അസമത്വവും ഉണ്ടായിരുന്നു. അതുകൂടി പരിഹരിച്ചാവും തുടർനടപടിയെന്നും മന്ത്രി വ്യക്തമാക്കി. നാഷണൽ സർവീസ് സ്‌കീം (എൻ.എസ്.എസ്) വി.എച്ച്.എസ്.ഇ വിഭാഗം സംഘടിപ്പിച്ച 'മഹിതം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ.എസ്.എസ് വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 2021-22 വർഷത്തെ മികച്ച സംസ്ഥാന തല യൂണിറ്റുകളായി മലപ്പുറം ബി.പി അങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗേൾസും കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഗേൾസും തിരഞ്ഞെടുക്കപ്പെട്ടു.

ബി.പി അങ്ങാടി സ്‌കൂളിലെ കെ. സില്ലിയത്തും നടക്കാവ് സ്‌കൂളിലെ എം.കെ. സൗഭാഗ്യ ലക്ഷ്മിയുമാണ് മികച്ച സംസ്ഥാനതല പ്രോഗ്രാം ഓഫീസർമാർ. കോഴിക്കോട് ബാലുശ്ശേരി ഗവൺമെന്റ് വി.എച്ച്.എസ്.എസിലെ വേദ വി.എസും ഇടുക്കി തട്ടക്കുഴ വി.എച്ച്.എസ്.എസിലെ നിയാസ് നൗഫലുമാണ് മികച്ച വളണ്ടിയർമാ‌ർ. ഇവർക്കുള്ള അവാർഡുകളും മന്ത്രി വിതരണം ചെയ്തു.പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. അൻസർ ആർ.എൻ, റീജിയണൽ ഡയറക്ടർ ശ്രീധർ ഗുരു, ഡോ. സണ്ണി എൻ. എം തുടങ്ങിയവർ സംസാരിച്ചു.