ഹിതേഷ് ജെയിന് പൗരാവലിയുടെ അനുമോദനം
പാലക്കാട്: ജെ.സി.ഐ ഇന്ത്യ പാലക്കാട് ഘടകം എം.എ പ്ലൈ എൻ.ജി.ഒ പ്രസിഡന്റും ക്രിയേറ്റീവ് യംഗ് എന്റർപ്രണർ അവാർഡ് ജേതാവും ജെ.സി.ഐ മേഖല 21ന്റെ 2022ലെ മികച്ച പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്ത ഹിതേഷ് ജെയിനെ പാലക്കാട് പൗരാവലി അനുമോദിച്ചു. സംഘാടക സമിതി ചെയർമാൻ കെ.ജെ.മുഹമ്മദ് ഷമീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അഡ്വ. കെ.ശാന്തകുമാരി എം.എൽ.എ, ആംഗ്ലോ ഇന്ത്യൻ മുൻ അംബാസിഡർ ശ്രീകുമാർ മേനോൻ, എം.എ.പ്ലൈ ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ നിഖിൽ കൊടിയത്തൂർ, ഹിതേഷ് ജെയിൻ തുടങ്ങിയവർ സംസാരിച്ചു.
സ്വന്തം നേട്ടങ്ങൾക്കും വിജയത്തിനും വേണ്ടി ഭൂരിഭാഗവും ആളുകളും നിരന്തരം പ്രവർത്തിക്കുമ്പോൾ സമൂഹത്തെ ചേർത്തു പിടിച്ച് ഹിതേഷ് ചെയ്തുവരുന്ന സേവനങ്ങൾ മാതൃകയാണെന്ന് എം.എൽ.എ പറഞ്ഞു. ഹിതേഷിനെ പാലക്കാടൻ ജനതയ്ക്ക് വേണ്ടി ശ്രീകുമാർ മേനോൻ പൊന്നാട അണിയിച്ചു. കെ.ശാന്തകുമാരി എം.എൽ.എ ഉപഹാരം സമർപ്പിച്ചു. നിരവധി സാമൂഹിക, സാംസ്‌കാരിക, വാണിജ്യ സംഘടനകൾക്ക് വേണ്ടി റിട്ടയേർഡ് ഡിവൈ.എസ്.പി മുഹമ്മദ് കാസിം, എൻ.എം.ആർ റസാക്ക്, രാഗം സിറാജ്, പ്രിയ വെങ്കിടേഷ്, അഡ്വ. റവ ലിമ ജനാർദ്ദനൻ, കിരൺ കുമാർ, രാജീവ് രാമാനന്ദ് തുടങ്ങിയവർ ഹിതേഷ് ജെയിനിനെ ഹാരാർപ്പണം നടത്തി. പ്രശാന്ത് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.