സർഗാലയയിൽ ഇനി സർഗവസന്തം കലാ കരകൗശല മേളയ്ക്ക് ഇന്ന് തിരി തെളിയും

Thursday 22 December 2022 12:02 AM IST
അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ മുന്നോടിയായി ഇരിങ്ങൽ സർഗാലയയുടെ മുഖ്യകവാടത്തിൽ ഒരുക്കിയ ദീപാലങ്കാരം

ഇരിങ്ങൽ: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയതും ഇന്ത്യയിലെ രണ്ടാമത്തേതുമായ സർഗാലയ അന്താരാഷ്ട്ര കലാകരകൗശല മേളയ്ക്ക് ഇന്ന് തിരിതെളിയും. ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. കാനത്തിൽ ജമീല എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ക്രാഫ്റ്റ് ബസാർ പവലിയൻ ജില്ലാ കളക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, ഇന്റർ നാഷണൽ പവലിയൻ നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീക്ക്,നബാർഡ് പവലിയൻ നബാർഡ് ജനറൽ മാനേജർ ജി.ഗോപകുമാർ നായരും ഉദ്ഘാടനം ചെയ്യും. യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ ഉപഹാരങ്ങൾ സമ്മാനിക്കും. സർഗാലയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.പി.ഭാസ്കരൻ സ്വാഗതം പറയും.ഡിസം. 22 മുതൽ ജനുവരി 9വരെ നടക്കുന്ന മേളയിൽ ഉസ്ബെക്കിസ്ഥാൻ പങ്കെടുക്കുന്നതാണ് മുഖ്യ ആകർഷണം. ബംഗ്ലാദേശ്, ജോർദാൻ, കിർഗിസ്ഥാൻ, നേപ്പാൾ, സിറിയ, താജിക്കിസ്ഥാൻ, തായ്ലൻഡ് മൗറീഷ്യസ്, ഉസ്ബെക്കിസ്ഥാൻ, ലെബനൻ എന്നീ പത്തിൽപ്പരം രാജ്യങ്ങളിലെയും 26 സംസ്ഥാനങ്ങളിലെയും കരകൗശല വിദഗ്ദ്ധർ മേളയിൽ പങ്കെടുക്കും.

ഇന്ത്യ ഗവ.മിനിസ്ട്രി ഓഫ് ടൂറിസം, മിനിസ്ട്രി ഓഫ് ടെക്സ്റ്റൈൽസ് ഡവലപ്പ്മെന്റ് കമ്മിഷണർ ഓഫ് ഹാൻഡി ക്രാഫ്ട്സ് തുടങ്ങിയ വകുപ്പുകളുടെയും നബാർഡിന്റെയും സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയുംനേതൃത്വത്തിലാണ് മേള. വാർത്താ സമ്മേളനത്തിൽ പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷെഫീഖ്, കൗൺസിലർ മുഹമ്മദ് അഷ്റഫ്, സർഗാലയ എക്സിക്യൂട്ടീവ് ഓഫീസർ മാനേജർ .ടി.കെ.രാജേഷ്, ഹോസ്പിറ്റാലിറ്റി മാനേജർ എം.ടി.സുരേഷ് ബാബു ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ.കെ.കെ.ശിവദാസൻ എന്നിവർ പങ്കെടുത്തു.