അനധികൃത സ്ഥാനക്കയറ്റം പട്ടികജാതി വികസന ഓഫീസർ നിയമനം നിലച്ചു

Thursday 22 December 2022 12:23 AM IST

തിരുവനന്തപുരം: മതിയായ യോഗ്യത ഇല്ലാത്തവരുൾപ്പടെ 92 പേർക്ക് അനധികൃത സ്ഥാനക്കയറ്റം നൽകിയതിനെ തുടർന്ന് പട്ടികജാതി വികസന ഓഫീസർ (ഗ്രേഡ് 2) തസ്തികയിൽ നിയമനം നിലച്ചു. പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് പോലും നിയമനമില്ല. പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.


കഴിഞ്ഞ ഫെബ്രുവരിയിൽ ഏഴ് എൻ.ജെ.ഡി അടക്കം 29 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. ആഗസ്റ്റിൽ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന ശേഷം അഡ്വൈസ് ലഭിച്ചവർക്കു പോലും ജോലിയിൽ പ്രവേശിക്കാനായില്ല. ശേഷിക്കുന്ന ആറ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ജീവനക്കാർ നൽകിയ കേസുള്ളതിനാൽ കഴിയുന്നില്ലെന്നാണ് അധികൃതരുടെ നിലപാട്. 92 താത്കാലിക സ്ഥാനക്കയറ്റങ്ങളുടെ ലിസ്റ്റ് വകുപ്പിൽ സൂക്ഷിച്ചിട്ടില്ലെന്ന വിചിത്ര മറുപടിയാണ് അധികൃതർ നൽകുന്നത്.

വകുപ്പിന് കീഴിൽ ജോലിയിലുള്ളവരുടെ ലിസ്റ്റ് ലഭ്യമല്ലെന്ന മറുപടി വിവരാവകാശ നിയമത്തിന്റെ ലംഘനമാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു. മതിയായ യോഗ്യതയില്ലാത്തവർക്ക് അനർഹമായി സ്ഥാനക്കയറ്റം നൽകിയതിനാലാകാം ലിസ്റ്റ് നല്കാതിരിക്കുന്നതെന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്. തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ബിരുദാനന്തര ബിരുദമാണ് യോഗ്യത. എന്നാൽ, സ്ഥാനക്കയറ്റം ലഭിച്ചവരിൽ പലരും പത്താം ക്‌ളാസ് യോഗ്യത മാത്രമുള്ളവരാണെന്നും ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

Advertisement
Advertisement