ലീഗിനെപ്പറ്റി മിണ്ടിയാൽ കോൺഗ്രസിന് ദേവേന്ദ്രന്റെ സംശയമെന്ന് മുഖ്യമന്ത്രി

Wednesday 21 December 2022 11:14 PM IST

തിരുവനന്തപുരം: മുസ്ലിംലീഗിനെപ്പറ്റി പറയുമ്പോൾ ചിലരൊക്കെ ബേജാറാകുന്നത് തപസ്സിനെപ്പറ്റി പറയുമ്പോൾ ദേവേന്ദ്രൻ സംശയിച്ചപോലെയാണെന്ന് കോൺഗ്രസിനെ ലാക്കാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. തപസ്സ് ചെയ്യുന്നവരെല്ലാം തന്റെ പദവി ആഗ്രഹിച്ചിട്ടാണെന്ന ഭയമാണ് ഇന്ദ്രന്. അതുപോലെ ബേജാറാവണോ. അത്രയും ദുർബലമാണോ യു.ഡി.എഫ് എന്ന് ചോദിച്ച മുഖ്യമന്ത്രി യു.ഡി.എഫിന്റെ ഏറ്റവും വലിയ കരുത്താണ് ലീഗെന്നും പറഞ്ഞു. ലീഗ് സ്വീകരിക്കുന്ന നിലപാട് കേരള രാഷ്ട്രീയത്തിൽ എന്തെങ്കിലും ചലനമുണ്ടാക്കുന്നുവെങ്കിൽ അക്കാര്യം പരാമർശിക്കേണ്ടിവരും. അത്രയേ എം.വി. ഗോവിന്ദൻ ചെയ്തിട്ടുള്ളൂവെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചു.

കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ ലീഗ് ചില നിലപാടുകളെടുത്തു. അത് സ്വാഗതാർഹമാണെന്നാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്. അത് ആർക്കും സർട്ടിഫിക്കറ്റ് കൊടുക്കലല്ലെന്ന് കാനം രാജേന്ദ്രന്റെ വിമർശനത്തെപ്പറ്റിയുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടിനൽകി.

മതനിരപേക്ഷതയ്ക്ക് കരുത്തുപകരുന്ന പ്രതികരണങ്ങൾ വരുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് പ്രധാനം. അതിനെ ആ നിലയിൽ കണ്ടാൽ മതി. ലീഗ് നേരത്തേ ന്യൂനപക്ഷ വർഗീയതയ്ക്കെതിരെ കടുത്ത രീതിയിൽ പ്രചാരണങ്ങൾ നടത്തിയപ്പോൾ അതിനെ താൻ സ്വാഗതം ചെയ്തിട്ടുണ്ട്. അതിൽനിന്ന് വ്യത്യസ്തമായ സമീപനമുണ്ടാകുമ്പോൾ അതിനനുസരിച്ചു പ്രതികരിക്കേണ്ടി വന്നിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നയപ്രഖ്യാപനമുണ്ടാകും

ഗവർണറുമായി ഒരു പ്രശ്നവുമില്ലെന്നും അഥവാ എന്തെങ്കിലുമുണ്ടെങ്കിൽ അത് പരിഹരിക്കാവുന്നതേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. നയപ്രഖ്യാപനപ്രസംഗം തയ്യാറായി വരികയാണ്. നയപ്രഖ്യാപനമുണ്ടാകും. അതിപ്പോഴാകുമോയെന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി.

ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെപ്പറ്റി ചോദിച്ചപ്പോൾ, അന്ന് താനിവിടെ ഉണ്ടായിരുന്നോ എന്ന മറുചോദ്യമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്.

 നെൽകർഷക പ്രശ്നം തീർക്കും

നെൽകർഷകർക്ക് കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നം അതിവേഗത്തിൽ പരിഹരിക്കും. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാൻ കേന്ദ്രത്തിൽ നിന്ന് ശ്രമം തുടരുകയാണ്. അതിന്റെ പേരിൽ കേരളത്തിലെ ഒരു പദ്ധതിയും മുടങ്ങിയിട്ടില്ല. ചില സംസ്ഥാനങ്ങളിൽ ശമ്പളം മുടങ്ങി. ഇവിടെ മുടങ്ങിയില്ല. ക്ഷേമപെൻഷൻ കൃത്യമായി നൽകി.

മുഖ്യമന്ത്രി എല്ലാവർക്കും ക്രിസ്മസ്, പുതുവത്സര ആശംസകൾ നേർന്നു. നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകർക്കാൻ ശ്രമിക്കുന്ന ശക്തികളെ കൂടുതൽ കരുത്തോടെ പ്രതിരോധിക്കണമെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

Advertisement
Advertisement