ബഫ‍ർ സോൺ യു.ഡി.എഫ് തീരുമാനിച്ചത് 12കിലോ മീറ്റർ ഒന്നാക്കിയത് ഇടതു സർക്കാർ : മുഖ്യമന്ത്രി

Wednesday 21 December 2022 11:17 PM IST

തിരുവനന്തപുരം:ബഫർസോൺ കേന്ദ്രം പറഞ്ഞ 10 കിലോമീറ്ററിനും അപ്പുറം 12 കിലോമീറ്റർ വരെ വേണമെന്നാണ് യു.ഡി.എഫ് മന്ത്രിസഭ തീരുമാനിച്ചതെന്നും അത് '0 മുതൽ ഒരു കിലോമീറ്റർ വരെയായി' നിജപ്പെടുത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വി.ഡി സതീശൻ, ടി.എൻ പ്രതാപൻ, എൻ. ഷംസുദ്ദീൻ എന്നീ യു. ഡി. എഫ് എം.എൽ.എമാരടങ്ങിയ ഉപസമിതി സിറ്റിങ്ങുകൾക്കും മറ്റും ശേഷമാണ് 12കിലോമീറ്റർ എന്ന് തീരുമാനിച്ചത്. ഇപ്പോൾ സമരത്തിനിറങ്ങിയ പ്രതിപക്ഷ നേതാവ് അന്ന് പറഞ്ഞത് എല്ലാവർക്കും അറിയാം.

വന്യജീവി സങ്കേതങ്ങൾ, ദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്ക് ചുറ്റും ബഫർസോൺ
ഏർപ്പെടുത്തുന്നതിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമങ്ങളുണ്ട്. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയെയും ബാധിക്കുന്ന ഒന്നും സർക്കാർ ചെയ്യില്ല. ഇവരുടെ ആശങ്കകൾ പൂർണ്ണമായും ഉൾക്കൊണ്ടാണ് സർക്കാരിന്റെ നിലപാട്. വന്യജീവി കേന്ദ്രങ്ങളുടെയും ദേശീയപാർക്കുകളുടെയും പരിധിയിലുള്ള ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും പരിസ്ഥിതി ദുർബ്ബല മേഖലകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ ഉറച്ച നിലപാട്. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റിദ്ധാരണാജനകമാണ്.
ഈ മേഖലകളിലെ എല്ലാ ജനങ്ങളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിശോധിച്ച് എല്ലാ കെട്ടിടങ്ങളും നിർമ്മാണങ്ങളും ചേർത്ത് മാത്രമേ അന്തിമ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകൂ. സുപ്രീം കോടതി നിശ്ചയിച്ച ബഫർസോൺ പ്രദേശങ്ങൾ കേരളത്തിലെ ജനസാന്ദ്രത കൂടിയ മേഖലകളാണെന്ന് കോടതിയിൽ തെളിയിക്കാനാണ് എല്ലാ നിർമ്മാണങ്ങളും ചേർത്തുള്ള റിപ്പോർട്ട് സമർപ്പിക്കുന്നത്. ഈ പ്രദേശങ്ങൾ ബഫർസോൺ ആക്കാനുള്ള പ്രായോഗിക പ്രയാസങ്ങൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം യുപിഎ സർക്കാരിൽ ജയ്‌റാംരമേശ് കേന്ദ്ര പരിസ്ഥിതി മന്ത്രിയായിരിക്കെയാണ് ബഫർസോൺ പ്രഖ്യാപിച്ചത്. അദ്ദേഹം കടുത്ത നിർബന്ധബുദ്ധിയാണ് കാണിച്ചത്. അന്ന് വി.ഡി.സതീശൻ അടക്കമുള്ള ഉപസമിതി

അധ്യക്ഷന്മാർ ജനപ്രതിനിധികൾ പങ്കുവെച്ച ആശങ്കകൾ ഗൗനിച്ചോ എന്ന് സംശയമുണ്ട്.

ജൂണിലെ സുപ്രീംകോടതി വിധി പ്രകാരം ബഫർസോൺ നിർണയിക്കുന്നതിൽ ഇളവുകൾ വേണമെങ്കിൽ കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി വകുപ്പിനെയും സമീപിച്ച് അവരുടെ ശുപാർശ പ്രകാരം സുപ്രീം കോടതിയെ സമീപക്കേണ്ടതുണ്ട്. അതിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ജനവാസമേഖല പൂർണമായും ഒഴിവാക്കിയുള്ള നിർദ്ദേശങ്ങൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപെടുത്തി അംഗീകാരം നേടാനുള്ള നടപടികൾ വിധി വന്ന ഉടൻ സർക്കാർ ആരംഭിച്ചു. അതിനിടെ ബഫർസോൺ മേഖലയിൽ നിന്ന് ഒഴിഞ്ഞു പോകേണ്ടി വരും എന്ന തെറ്റായ പ്രചാരണം ജനങ്ങളിൽ ഭീതി പരത്താനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement