ലിറ്ററേച്ചർ ഫെസ്റ്റിന് വയനാടൊരുങ്ങി

Thursday 22 December 2022 12:02 AM IST
വയനാട് ലിറ്ററേച്ചർ ഫെസ്റ്റിന്റെ പ്രചരണാർത്ഥം മാനന്തവാടി ഗാന്ധിപാർക്കിൽ ഉയർത്തിയ കൂറ്റൻ ഹൈഡ്രജൻ ബലൂൺ

കൽപ്പറ്റ: പ്രഥമ വയനാ‌ട് ലിറ്ററേച്ചർ ഫെസ്റ്റിന് വയനാട് ഒരുങ്ങി. 29, 30, 31തീയതികളിലായി ദ്വാരകയിലാണ് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിന് തുടക്കം കുറിക്കുക. വയനാട്ടിൽ ആദ്യമായാണ് ഒരു ലിറ്ററേച്ചർ ഫെസ്റ്റ് ചുരം കയറി വരുന്നത്. വയനാടിന്റെ വായന, വയനാടിന്റെ എഴുത്ത്, വയനാടിന്റെ അനുഭൂതികൾ എന്നിവ ഉൾക്കൊളളിച്ച് കൊണ്ടാണ് ലിറ്ററേച്ചർ ഫെസ്റ്റ് നടത്തുക. ഇതിനുളള ഒരുക്കങ്ങൾ ദ്വാരകയിൽ നടന്നുവരികയാണ്.

സംവാദങ്ങൾ, കഥയരങ്ങ്, പ്രഭാഷണങ്ങൾ, അഭിമുഖങ്ങൾ, കവിയരങ്ങ്, ഗ്രാമീണ കലാരൂപങ്ങൾ, സാഹിത്യ കഥാപാത്രങ്ങളുടെ വിസ്മയത്തെരുവ് ശിൽപ്പശാലകൾ, ചിത്രവേദികൾ, സ്റ്റുഡന്റ് ബിനാലെ, പുസ്തക തെരുവ്, സംഗീതം, മാജിക്, ചലച്ചിത്രോത്സവം, മണ്ണിന്റെ പാട്ട്, വയനാട്ടിലെ രാത്രികൾ, ഫുഡ് ഫെസ്റ്റിവൽ എന്നിവയാണ് ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഭാഗമായി നടത്തുക. അരുന്ധതി റോയ്, കെ.സച്ചിദാനന്ദൻ, സക്കറിയ, സുനിൽ പി ഇളയിടം, സഞ്ജയ് കാക്, കെ.ജെ. ബേബി, പി.കെ. പാറക്കടവ്, ഒ.കെ.ജോണി, സണ്ണി എം കപിക്കാട്, മധുപാൽ, ഷീല ടോമി, റഫീക്ക് അഹമ്മദ്, കൽപ്പറ്റ നാരായണൻ, ജോയ് വാഴയിൽ, അബു സലീം, സുകുമാരൻ ചാലിഗദ്ദ, ധന്യാരാജേന്ദ്രൻ, ബീന പോൾ, അനാർക്കലി മരിക്കാർ, ലീന ഒളപ്പമണ്ണ, കെ.കെ. സുരേന്ദ്രൻ, ജോസി ജോസഫ്, ധന്യ വേങ്ങച്ചേരി, ചെറുവയൽ രാമൻ, എസ്. സിതാര, ലീന രഘുനാഥ്, മണികണ്ഠൻ പണിയൻ, ദേവപ്രകാശ്, അബിൻ ജോസഫ്, വി.കെ. ജോബിഷ്, നവാസ് മന്നൻ തുടങ്ങിയ നിരവധി പേർ ലിറ്ററേച്ചർ ഫെസ്റ്റിന്റെ ഭാഗമാകും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി ചേർന്ന് ചലച്ചിത്രമേളയും നടത്തും. കുടുംബശ്രീയുമായി സഹകരിച്ചുളള ഫുഡ് ഫെസ്റ്റും മേളയിലെ പ്രധാന ഇനമാണ്.

#

''എല്ലാം കൊണ്ടും പിന്നാക്കാവസ്ഥയിൽ കിടക്കുന്ന വയനാടിനെ സാംസ്ക്കാരികമായി ഉയർത്തുകയാണ് വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് വഴി നടത്തുന്നത്. ലോക ഭൂപടത്തിൽ വയനാടിനെ അറിയുക എന്ന ലക്ഷ്യമാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. സാധാരണ വൻകിട നഗരങ്ങളിലും മറ്റും നടക്കാറുളള ഇത്തരം ഫെസ്റ്റിവൽ വയനാട് പോലുളള ഉൾപ്രദേശങ്ങളിൽ നടത്തുകവഴി സാംസ്ക്കാരികമായി ജില്ലയെ കൈപിടിച്ച് ഉയർത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്. വയനാടിന്റെ സാംസ്ക്കാരിക ഭൂമികയിൽ കലയുമായി ബന്ധപ്പെട്ട് നിരവധി പേർ പ്രവർത്തിക്കുന്നുണ്ട്. കാടിന്റെയും മണ്ണിന്റെയും മക്കളാണ് ഏറെയും.''

ഡോ. വിനോദ് കെ ജോസ്

ഫെസ്റ്റിവൽ ഡയറക്ടർ, കാരവൻ മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ

Advertisement
Advertisement