ഗുരുദർശനങ്ങളുടെ മഹിമയിൽ മഹാസംഗമം

Thursday 22 December 2022 12:03 AM IST
എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയന്റെയും അയിരൂർ ശ്രീനാരായണ മിഷന്റെയും സംയുക്താഭിമുഖ്യത്തിലുള്ള ഇരുപത്തൊൻപതാമത് അയിരൂർ ശ്രീനാരായണ കൺവെൻഷനും ശ്രീനാരായണ ധർമ്മ പ്രബോധനവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴഞ്ചേരി : ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുടെ പൊരുൾ പകർന്ന് പുത്തേഴം ശങ്കരോദയം മഹാദേവ ക്ഷേത്രാങ്കണത്തിൽ അയിരൂർ ശ്രീനാരായണ കൺവെൻഷനും ധർമ്മ പ്രബോധനത്തിനും തിരിതെളിഞ്ഞപ്പോൾ നൂറ് കണക്കിന് ശ്രീനാരായണീയർ ഭക്തിയാദരപൂർവം സാക്ഷികളായി. ഇനിയുള്ള നാല് നാളുകളിൽ ഗുരുവിന്റെ ജീവിതവും ദർശനും പകർന്നു നൽകുന്ന പ്രഭാഷണങ്ങളും ഗുരുദേവ കൃതികളുടെ ആലാപനവും പ്രബോധനവും ധ്യാനവും മഹാസർവൈശ്വര്യ പൂജയും നടക്കും. ഇന്നലെ ഉദ്ഘാടനവേദിയെ ധന്യമാക്കി എസ്.എൻ.ഡി.പി യോഗം കുറിയന്നൂർ ശാഖാ വനിതാസംഘത്തിന്റെ ഭക്തിഗാനസുധയും അരങ്ങേറി. കൺവെൻഷൻ 25ന് സമാപിക്കും. ശ്രീനാരായണമിഷൻ പ്രസിഡന്റ് സി.എൻ.ബാബുരാജൻ പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കോഴഞ്ചേരിയിലെ സി.കേശവൻ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. നിരവധി യോഗം പ്രവർത്തകരും അയിരൂരിലെ കൺവെൻഷൻ നഗറിലേക്ക് അദ്ദേഹത്തെ അനുഗമിച്ചു.

കൺവെൻഷൻ നഗറിൽ ഇന്ന്

രാവിലെ 9ന് ഭക്തിഗാനസുധ. 10 മുതൽ ശ്രീനാരായണധർമ്മ പ്രബോധനവും ധ്യാനവും മഹാസർവൈശ്വര്യ പൂജയും. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമിയെ പൂർണ കുംഭം നൽകി സ്വീകരിക്കും. 10.15ന് കോന്നി എസ്.എ.എസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.പി.കെ.മോഹൻരാജ് ധ്യാനസന്ദേശം നൽകും. 10.30ന് ശ്രീനാരായണ ധർമ്മ പ്രബോധനവും ധ്യാനവും. 12ന് ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക പൂജകൾ. 2ന് ധർമ്മ പ്രബോധനം. വൈകിട്ട് നാലിന് മഹാസർവൈശ്വര്യ പൂജ. ചിറപ്പുറം എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി ഒ.വി.മോഹനൻ നന്ദി പറയും.