ഗവർണറുടെ നോട്ടീസ് , വി.സിമാർ സാഹചര്യത്തിന്റെ ഇരകളെന്ന് ഹൈക്കോടതി

Thursday 22 December 2022 1:05 AM IST

 ക്രമക്കേട് ആരോപണമില്ല

കൊച്ചി: പുറത്താക്കാതിരിക്കാൻ കാരണം അറിയിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ കൂടിയായ ഗവർണർ നൽകിയ നോട്ടീസിനെതിരെ ഹർജി നൽകിയ വി.സിമാരിലേറെയും സാഹചര്യത്തിന്റെ ഇരകളാണെന്ന് ഹൈക്കോടതി. ഇവരുടെ യോഗ്യതകളെക്കുറിച്ച് പരാതികളില്ല. ഇവിടെ വി.സിമാർക്കെതിരെ ക്രമക്കേട് ആരോപണമില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു. നോട്ടീസിനെതിരെ വിവിധ സർവകലാശാല വി.സിമാർ നൽകിയ ഹർജികളിൽ ഇന്നും വാദംതുടരും.

കണ്ണൂർ, കാലിക്കറ്റ്, കുസാറ്റ്, മലയാളം സർവകലാശാല വി.സിമാരുടെയും ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വി.സിയുടെയും വാദമാണ് ഇന്നലെ പൂർത്തിയായത്.

വി.സിമാരെ പുറത്താക്കാൻ നടപടിക്രമങ്ങളുണ്ട്. ഇതുപാലിക്കാതെ പുറത്താക്കാനാവില്ലെന്നും ചാൻസലർക്ക് വെറുതേ നോട്ടീസ് നൽകാൻ കഴിയില്ലെന്നും വി.സിമാർ വാദിച്ചു. മികച്ച അക്കാഡമിക് മെറിറ്റുള്ളവരാണ് തങ്ങളെന്നും ഹർജിക്കാർ വ്യക്തമാക്കി. ഹർജികൾ തീർപ്പാകുംവരെ നോട്ടീസിൽ അന്തിമതീരുമാനം പാടില്ലെന്ന ഇടക്കാല ഉത്തരവ് നിലവിലുണ്ട്. സംസ്ഥാനത്തെ പത്ത് സർവകലാശാലാ വി.സിമാരാണ് കാരണം കാണിക്കൽ നോട്ടീസിനെതിരെ ഹർജി നൽകിയത്. ഇതിൽ ഫിഷറീസ് സർവകലാശാല വി.സിയുടെ നിയമനം മറ്റൊരു കേസിൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് റദ്ദാക്കിയിരുന്നു.

Advertisement
Advertisement