പ്രഥമ ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ്- 2022; തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സിന് കിരീടം

Thursday 22 December 2022 4:59 AM IST

 കണ്ണൂർ റണ്ണേഴ്‌സ് അപ്പ്

തൊടുപുഴ: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി (കെ.യു.ഡബ്ല്യു.ജെ) സംഘടിപ്പിച്ച പ്രഥമ ജേർണലിസ്റ്റ് ക്രിക്കറ്റ് ലീഗ്- 2022 ൽ (ജെ.സി.എൽ- 2022) തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സ് ചാമ്പ്യൻമാരായി. കണ്ണൂർ പ്രസ് ക്ലബാണ് റണ്ണേഴ്‌സ് അപ്പ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തെക്കുംഭാഗം അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തിയ ടൂർണമെന്റിൽ കെ.യു.ഡബ്ല്യു.ജെയുടെ കീഴിലുള്ള 14 പ്രസ് ക്ലബുകളിൽ നിന്നുള്ള 16 ടീമുകളാണുണ്ടായിരുന്നത്. സമാപന സമ്മേളനത്തിൽ ചാമ്പ്യൻമാരായ തിരുവനന്തപുരം സ്‌ട്രൈക്കേഴ്‌സിന് ഒരു ലക്ഷം രൂപയും അൽ- അസ്ഹർ ഗ്രൂപ്പ് സ്‌പോൺസർ ചെയ്യുന്ന ട്രോഫിയും അൽ- അസ്ഹർ ഗ്രൂപ്പ് എം.ഡി അഡ്വ. കെ.എം. മിജാസ് കൈമാറി. റണ്ണേഴ്‌സ് അപ്പായ കണ്ണൂർ പ്രസ് ക്ലബ് ടീമിന് അമ്പതിനായിരം രൂപയും ട്രോഫിയും ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു കൈമാറി.

അകാലത്തിൽ അന്തരിച്ച മാദ്ധ്യമ പ്രവർത്തകരായ സനിൽ ഫിലിപ്പ്, യു.എച്ച്. സിദ്ധിഖ്, എം.എസ്. സന്ദീപ്, സോളമൻ ജേക്കബ്, ജോമോൻ വി. സേവ്യർ തുടങ്ങിയവരുടെ മെമ്മോറിയൽ ട്രോഫിയും ഇതോടൊപ്പം വിതരണം ചെയ്തു.