ശബരിമലയിൽ ഭക്തജനത്തിരക്ക് തുട‌രുന്നു, ഇന്ന് ദർശനത്തിനായി ബുക്കുചെയ്തത് 84,483 പേർ

Thursday 22 December 2022 6:45 AM IST

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. ഇന്ന് 84,483 പേരാണ് ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. 85,000ൽ അധികം പേരാണ് ഇന്നലെ ദർശനത്തിന് എത്തിയത്. തിരക്ക് കൂടുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കർപ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം ദീപാരാധനയ്ക്കുശേഷം സന്നിധാനത്ത് നടക്കും. ദേവസ്വം ബോർഡ് ജീവനക്കാരുടെ വകയായാണ് കർപ്പൂരാഴി.ക്ഷേത്രകൊടിമരത്തിനു മുന്നിലായി ക്ഷേത്രതന്ത്രി കണ്ഠര് രാജീവര് കർപ്പൂരാഴിക്ക് അഗ്‌നി പകരും. മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലിൽ എത്തി പതിനെട്ടാം പടിക്ക് മുന്നിലേക്കാണ് കർപ്പൂരാഴി ഘോഷയാത്ര.